എൻഎസ്എസ് കോളേജിലെ അക്രമം: യൂണിയനെ ഉപയോഗിച്ച് കെഎസ്‍‍യു നടത്തുന്നത് ക്രിമിനൽ പ്രവർത്തനങ്ങൾ- എസ്എഫ്ഐ

sfi
വെബ് ഡെസ്ക്

Published on Mar 25, 2025, 06:34 PM | 1 min read

പാലക്കാട് : ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ കെഎസ്‌യു നേതാക്കൾ വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി എസ്എഫ്ഐ. കോളേജിലെ രണ്ടാം വർഷ ബിഎ ഹിസ്റ്ററി വിദ്യാർഥി കാർത്തിക്കിനെയാണ് കോളേജ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള കെഎസ്‍യു ക്രിമിനൽ- ഗുണ്ടാ സംഘം ക്ലാസ്സ്‌ മുറിയിൽ നിന്നും പുറത്തേക്ക് വലിച്ചിട്ട് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കേബിൾ വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. സംഭവം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐ അറിയിച്ചു.


കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌‍യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി റൗഫ്, യൂണിറ്റ് വൈസ് പ്രസിഡൻറ് സൂരജ്, കെഎസ്‌‍യു ഡിപ്പാർട്ട്മെൻറ് പ്രസിഡൻറ് അഭിനേഷ് എന്നിവരടങ്ങുന്ന നാലംഗ സംഘത്തിൻ്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തിക്ക്‌ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗാങ്ങിസത്തിൻ്റെയും സിന്തറ്റിക് ലഹരി ഉപയോഗത്തിൻ്റെയും ഭാഗമായി ക്രൂരമായ ആൾകൂട്ട ആക്രമണങ്ങളും അരാജകത്വ പ്രവർത്തനങ്ങളുമാണ് കോളേജ് യൂണിയനെ ഉപയോഗപ്പെടുത്തി കെഎസ്‍യു ക്രിമിനലുകൾ നടത്തിക്കൊണ്ടിരിക്കുന്നത്.


ഒറ്റപ്പാലത്തേത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ കാമ്പസുകളിലുടനീളം എസ്എഫ്ഐക്കെതിരെ അരാജക ഗ്യാങ്ങുകളേയും ലഹരി മാഫിയ സംഘത്തെയും ഉപയോഗപ്പെടുത്തി കെഎസ്‍യു നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയാണിത്. ഒറ്റപ്പാലത്തെ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട നാല് പ്രതികളെയും തള്ളിപ്പറയാനോ സംഘടനാ നടപടി സ്വീകരിക്കാനോ കെഎസ്‍യു നേതൃത്വം ഇതുവരെ തയാറാകാത്തത് ഇത്തരം അതിക്രമങ്ങൾക്ക് നേതൃതലത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ വെളിവാക്കുന്നതാണ്.


ഇത്തരം അതിക്രമങ്ങൾ തുടരുന്ന കെഎസ്‍യുവിനെ ഒറ്റപ്പെടുത്താൻ വിദ്യാർഥികൾ ഒന്നടങ്കം രംഗത്തിറങ്ങണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home