വീട്ടമ്മയുടെ കൊലപാതകം: പ്രതികൾ റിമാൻഡിൽ

തിരുവനന്തപുരം : വീട്ടമ്മയെ കൊലപ്പെടുത്തി സെപ്‌റ്റിക് ടാങ്കിൽ കുഴിച്ചിട്ട കേസിൽ പ്രതികളെ റിമാൻഡ് ചെയ്‌തു. പനച്ചമൂട് പഞ്ചാകുഴി മാവുവിള വീട്ടിൽ പ്രിയംവദ (46) കൊല്ലപ്പെട്ട കേസിൽ പിടിയിലായ വിനോദിനെയും സഹോദരൻ സന്തോഷിനെയുമാണ് നെയ്യാറ്റിൻകര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്‌തത്. ഞായറാഴ്ചയാണ് പ്രിയംവദയുടെ മൃതദേഹം വിനോദിന്റെ വീട്ടിലെ സെപ്‌റ്റിക് ടാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പ്രിയംവദയെ വിനോദ് വീട്ടിലെത്തിച്ച് മർദിക്കുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്‌തത്. മൃതദേഹം രണ്ട് ദിവസം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽവച്ച് ഞായർ പുലർച്ചെയാണ് സെപ്‌റ്റിക് ടാങ്കിൽ കുഴിച്ചിട്ടത്.
വിനോദിന്റെ ഭാര്യ വിദേശത്താണ്. മക്കളും ഭാര്യാമാതാവും തൊട്ടടുത്ത വീട്ടിലാണ് താമസം. വിനോദിന്റെ മക്കളാണ് മൃതദേഹം കണ്ടതായി മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോൾ വിനോദും സഹോദരൻ സന്തോഷും വീട് കഴുകി വൃത്തിയാക്കുകയായിരുന്നു. ഇരുവരെയും കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തപ്പോഴാണ് കൊലപാതകം മൂടിവയ്ക്കാനുള്ള ശ്രമം പുറത്തായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സെപ്റ്റിക് ടാങ്ക് പരിശോധിച്ചു. ഞായർ രാത്രി ഏഴോടെ മൃതദേഹം പുറത്തെടുത്തു.
പ്രിയംവദയുടെ അഞ്ചു പവനിലേറെ തൂക്കം വരുന്ന മാലയും നാലുഗ്രാം തൂക്കം വരുന്ന മൂക്കുത്തിയും നഷ്ടപ്പെട്ടതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കൾ വൈകിട്ട് കുന്നത്തുകാൽ സ്നേഹതീരത്ത് സംസ്കരിച്ചു. തുടരന്വേഷണത്തിനായി പ്രതികളെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങുമെന്ന് വെള്ളറട സിഐ എസ് പ്രസാദ് പറഞ്ഞു.









0 comments