കാലാവസ്ഥാ വ്യതിയാനം രാഷ്ട്രീയ ചർച്ചയാകണം: മുരളി തുമ്മാരുകുടി

കൊല്ലം: കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ ഒരു രാഷ്ട്രീയ ചർച്ചയാകണമെന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി–- ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവൻ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി "കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, മാലിന്യസംസ്‌കരണം' വിഷയത്തിൽ ചാത്തന്നൂരിൽ നടന്ന സെമിനാർ ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കേരളം കൈകാര്യംചെയ്ത രീതിയും അക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് സംവദിച്ചതും ലോകത്തിനു മുന്നിൽ മാതൃകയായിരുന്നു. വികസനം സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാട് മാറ്റിയത് 2018ലെ പ്രളയമാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിയെ കണക്കിലെടുത്തുള്ള വികസന കാഴ്ചപ്പാടാണ് വേണ്ടതെന്ന് വിഷയം അവതരിപ്പിച്ച കുസാറ്റ് അഡ്വാൻസ്‌ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ശാസ്‌ത്രജ്ഞൻ എം ജി മനോജ് പറഞ്ഞു. ലോകരാജ്യങ്ങൾ ഫോസിൽ ഇന്ധനത്തിൽനിന്ന് മറ്റു മാർഗങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് മോഡറേറ്ററായിരുന്ന ബയോഡൈവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാൻ പ്രൊഫ. ജോർജ് തോമസ് ചൂണ്ടിക്കാട്ടി. ഹരിതഗൃഹ വാതകത്തിന്റെ അളവ് കുറയ്ക്കലും സാഹചര്യങ്ങളുമായി പൊരുത്തപ്പെടലുമാണ് പ്രധാന പരിഹാര മാർഗങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഭൂവിനിയോഗത്തിൽ കാലാനുസൃതവും ഗണ്യവുമായ മാറ്റം ഉണ്ടാകണമെന്ന് കെഎസ്ഡിഎംഎ മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ് പറഞ്ഞു. ഒരു തണ്ണീർത്തടം സംരക്ഷിക്കാൻ വേണ്ടതിന്റെ എത്രയോ ഇരട്ടിത്തുകയാണ് കുപ്പിവെള്ളത്തിനായി നമ്മൾ ചെലവഴിക്കുന്നതെന്ന് ചിന്തിച്ചാൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുമെന്ന് ജി എസ് ജയലാൽ എംഎൽഎ പറഞ്ഞു. സെമിനാർ കമ്മിറ്റി ചെയർപേഴ്സൺ ജെ മേഴ്സിക്കുട്ടിഅമ്മ, സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ്, കെ സേതുമാധവൻ, എൻ സത്യൻ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.









0 comments