ടൂറിസം മേഖലയിൽ അനധികൃതമായി നിർമിച്ച റിസോർട്ട് നഗരസഭ പൂട്ടി സീൽ ചെയ്തു

varkalaresort

വർക്കല ടൂറിസം മേഖലയിൽ അനധികൃതമായി നിർമിച്ച റിസോർട്ട് നഗരസഭ പൂട്ടി സീൽ ചെയ്തപ്പോൾ

വെബ് ഡെസ്ക്

Published on Feb 12, 2025, 06:31 PM | 1 min read

വർക്കല: വർക്കല ടൂറിസം മേഖലയിൽ അനധികൃതമായി നിർമിച്ച് പൂർത്തിയാക്കിയ റിസോർട്ട് നഗരസഭ പൂട്ടി സീൽ ചെയ്തു. വർക്കല ഹെലിപ്പാഡ് സൗത്ത് ക്ലിഫിലെ പുരാവിദ എന്ന പേരിലുള്ള റിസോർട്ടാണ് നഗരസഭാ അധികൃതർ പൂട്ടി സീൽ ചെയ്തത്. തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടങ്ങൾ നിർമിക്കുകയും നിരവധി പ്രാവശ്യം നിർമാണ വേളകളിൽ സ്റ്റോപ്പ് മെമ്മോ നഗരസഭ നൽകിയെങ്കിലും വകവയ്ക്കാതെയായിരുന്നു കെട്ടിട നിർമാണം പൂർത്തിയാക്കിയത്.


പരിസ്ഥിതിലോല പ്രദേശമായ പാപനാശം ക്ലിഫിലെ കുന്നുകൾക്ക് അരികിലായി അപകടകരമായി വലിയ നീന്തൽക്കുളം നിർമിച്ചിരുന്നു. നീന്തൽകുളത്തിന്റെ നിർമാണ ഘട്ടത്തിൽ തന്നെ പ്രവർത്തികൾ നിർത്തിവയ്ക്കുന്നതിനും നീന്തൽ കുളത്തിനായി എടുത്ത കുഴി മൂടുന്നതിനുമുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്നും നഗരസഭ അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ റിസോർട്ട് ഉടമ നിയമലംഘനം നടത്തി നീന്തൽക്കുള നിർമാണവും പൂർത്തിയാക്കുകയായിരുന്നു.


നീന്തൽ കുളത്തിന്റെ അപകടകരമായ നിർമാണം ഏറെ വിവാദമായിന്നു. നഗരസഭ കൗൺസിലിൽ അനധികൃത റിസോർട്ടിന്റെ പ്രവർത്തനാനുമതി തടഞ്ഞുകൊണ്ട് തീരുമാനമെടുത്തു. തുടർന്ന് പ്രവർത്തന അനുമതി നിഷേധിച്ച നഗരസഭയുടെ നോട്ടീസിന് പുല്ലുവില കൽപ്പിച്ച് നഗരസഭ അധികൃതരെ നോക്കുകുത്തികളാക്കി റിസോർട്ട് നാളിതുവരെ പ്രവർത്തിച്ചു വരികയായിരുന്നു. തുടർന്നാണ് നഗരസഭ അധികൃതർ വർക്കല പൊലീസിന്റെ സഹായത്തോടെ ബുധനാഴ്ച റിസോർട്ടിലെത്തി റൂമുകളും കോട്ടേജുകളും ഓഫീസ് മന്ദിരവും റസ്‌റ്റോറന്റും പൂട്ടി സീൽ ചെയ്തത്‌.


ടൂറിസം മേഖലയിൽ അനധികൃത കെട്ടിട നിർമാണം അനുവദിക്കില്ലെന്നും അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൂട്ടി സീൽ ചെയ്യുന്ന നടപടികൾ തുടരുമെന്നും നഗരസഭ ചെയർമാൻ കെ എം ലാജി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home