മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ 1.85 കോടി വായ്‌പ സർക്കാർ അടയ്ക്കും

വി ജെ വർഗീസ്
Published on Jun 12, 2025, 03:00 AM | 2 min read
കൽപ്പറ്റ
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് ബാങ്കുകളിലുള്ള കുടുംബശ്രീ വായ്‌പ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് എഴുതിത്തള്ളുന്നതിന്റെ നടപടി അന്തിമഘട്ടത്തിൽ. മേപ്പാടിയിലെ മൂന്ന് ബാങ്കിലായി അയൽക്കൂട്ട അംഗങ്ങൾക്കുള്ള 1.85 കോടിയുടെ ബാധ്യതയാണ് ഏറ്റെടുക്കുക. ബാങ്കുകളിൽ സർക്കാർ പണമടയ്‌ക്കും.
കേരള ഗ്രാമീൺ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് എന്നിവയുടെ മേപ്പാടി ശാഖയിലാണ് വായ്‌പയുള്ളത്. ഉരുൾപൊട്ടൽ ബാധിത മേഖലയിൽ 44 കുടുംബശ്രീ യൂണിറ്റുകളാണുള്ളത്. ലിങ്കേജ്, വ്യക്തിഗത വായ്‌പകളാണ് തള്ളുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് തുക അനുവദിക്കുക. കുടുംബശ്രീ വായ്‌പകൾ സംബന്ധിച്ച് സർക്കാർ നേരത്തെ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
കുടുംബശ്രീ ജില്ലാ മിഷൻ കടബാധ്യതയുടെ കണക്ക് തയ്യാറാക്കി സംസ്ഥാന മിഷനും കലക്ടർക്കും കൈമാറി. സംസ്ഥാന മിഷൻ പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകി. അന്തിമ നടപടിക്കായി റിപ്പോർട്ട് കലക്ടറേറ്റിലെത്തി.
രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കലക്ടർ ഡി ആർ മേഘശ്രീ ‘ദേശാഭിമാനി’യോട് പറഞ്ഞു. നടപടി പൂർത്തിയായാൽ സർക്കാർ പണം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർക്ക് കൈമാറും. ഡയറക്‌ടർ ബാങ്കുകളിൽ തുക അടയ്‌ക്കും. ദുരന്തബാധിതർക്ക് കേരള ബാങ്കിലുള്ള വായ്‌പകളും സംസ്ഥാന സർക്കാർ എഴുതിത്തള്ളിയിരുന്നു. 207 വായ്‌പകളിലായി 3.85 കോടി രൂപയുടെ ബാധ്യതയാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്. എന്നാൽ, ദുരന്തബാധിതർക്ക് ദേശാസാൽകൃത ബാങ്കുകളിലുള്ള വായ്‌പ എഴുതിത്തള്ളില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. 35 കോടിയോളമാണ് വിവിധ ബാങ്കുകളിലുള്ള വായ്‌പ.
ഹൈക്കോടതിയിൽ സത്യവാങ്‌മൂലം
മുണ്ടക്കൈദുരന്തം: ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാതെ പൂർണമായി കൈയൊഴിഞ്ഞ് കേന്ദ്രസർക്കാർ. വായ്പ എഴുതിത്തള്ളുന്നതിൽ മാനുഷിക പരിഗണന കാട്ടണമെന്ന് ഹൈക്കോടതി അഭ്യർഥിച്ചിരുന്നു. ഇത് പാടെ തള്ളിയാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
നിലവിൽ വായ്പ എഴുതിത്തള്ളാൻ ശുപാർശ നൽകാൻ അധികാരമില്ലെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും വായ്പ എഴുതിത്തള്ളണമെന്നും സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
വായ്പ ഇളവ് നൽകുന്നതിനുള്ള ദുരന്തനിവാരണ നിയമത്തിലെ അനുബന്ധവകുപ്പ് 2025 മാർച്ചിൽ ഭേദഗതി ചെയ്‌തെന്നും അതിനാൽ എഴുതിത്തള്ളൽ സാധ്യമല്ലെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. അതേസമയം, കേരള ബാങ്ക് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയിരുന്നു. ഇക്കാര്യം ഹൈക്കോടതി ഓർമിപ്പിക്കുകയും ചെയ്‌തിരുന്നു. 207 പേരുടെ 3.85 കോടി രൂപയുടെ വായ്‌പയാണ് കേരള ബാങ്ക് എഴുതിത്തള്ളിയത്.








0 comments