മുണ്ടക്കൈ ദുരന്തം ; പഠനസഹായം 39 ലക്ഷമായി

കൽപ്പറ്റ : ‘പഠനാവശ്യത്തിന് കുട്ടികൾക്ക് ആരെയും ആശ്രയിക്കണ്ടല്ലോ, മാസംതോറും സർക്കാർ നൽകുന്ന തുകകൊണ്ട് കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാനാകും. ഇത് കുട്ടികൾക്കും ബന്ധുക്കൾക്കും ആശ്വാസമാകും’–- -മുണ്ടക്കൈ ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരനും നഷ്ടപ്പെട്ട ഒമ്പതുവയസ്സുകാരി അവന്തികയുടെ പിതൃസഹോദരൻ പ്രദീപ് പറഞ്ഞു. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠനത്തിന് സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിലും കരുതലോടെ സർക്കാർ ഇടപെടുകയാണ്. മാതാപിതാക്കൾ നഷ്‌ടമായ ഏഴ് കുട്ടികൾക്കും ഒരാൾമാത്രം നഷ്ടപ്പെട്ട 14 പേർക്കും സഹായം നൽകാനാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചത്. കലക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയുടെ പലിശ പ്രതിമാസം കുട്ടിയുടെ രക്ഷിതാവിന് ലഭിക്കും.
ഈ കുട്ടികൾക്ക് വനിതാ ശിശുവികസന വകുപ്പും ധനസഹായം അനുവദിച്ചു. അച്ഛനും അമ്മയും നഷ്ടമായവർക്ക് 10 ലക്ഷം രൂപ വീതവും ഒരു രക്ഷിതാവ് നഷ്‌ടമായ കുട്ടിക്ക് അഞ്ച് ലക്ഷം രൂപ വീതവുമാണ് നൽകുന്നത്. 14 പേർക്കുള്ള തുക വ്യാഴാഴ്ച ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും കുട്ടിയുടെയും സംയുക്ത അക്കൗണ്ടിലേക്ക് നൽകി. കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ തുക സ്വന്തം നിലയിൽ വിനിയോഗിക്കാം. ഇതിനുപുറമേ മാസം 4000 വീതം നൽകാനും യൂണിസെഫുമായി സഹകരിച്ച് 25 വയസ്സുവരെ പഠനസഹായം ഉറപ്പാക്കാനുമുള്ള പദ്ധതികളുമുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിനിയോഗിക്കുന്ന സിഎസ്‌ആർ ഫണ്ടിൽനിന്ന് 2.5 ലക്ഷം രൂപ വീതം നൽകും. മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന എട്ട് ലക്ഷം രൂപ വീതമുള്ള സഹായവും ലഭിക്കും. മാതാപിതാക്കൾ നഷ്ടമായ ഒരു കുട്ടിക്ക് സർക്കാർ ഇതുവരെ പ്രഖ്യാപിച്ച ധനസഹായം 39 ലക്ഷത്തോളം രൂപയായി.









0 comments