print edition മുണ്ടക്കൈ ടൗൺഷിപ്പ് ; 9 വീടുകൾകൂടി പൂർത്തിയാകുന്നു

മുണ്ടക്കെെ ടൗൺഷിപ്പിൽ നിർമിച്ച മാതൃകാവീട്
കൽപ്പറ്റ
മുണ്ടക്കൈ– ചൂരൽമല ഉരുൾദുരന്ത അതിജീവിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ ഒന്പത് വീടിന്റെകൂടി പ്രധാന വാർപ്പ് പൂർത്തിയായി. വ്യാഴാഴ്ചയ്‌ക്കുള്ളിൽ രണ്ട് വീടുകൾകൂടി വാർക്കും. നിർമാണം ആരംഭിച്ച് 105 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയ മാതൃകാ വീടിന് സമാനമായാണ് മുഴുവൻ വീടുകളും ഉയരുന്നത്. പ്രധാന വാർപ്പ് കഴിഞ്ഞ വീടുകളിൽ ഭിത്തിക്ക് സിമന്റ് തേയ്‌ക്കുകയാണ്. ടൗൺഷിപ്പിലെ മുഴുവൻ കെട്ടിടങ്ങളും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള ‘ഫ്രെയിംഡ് സ്‌ട്രക്‌ച്ചർ’ സാങ്കേതികവിദ്യയിലാണ് നിർമിക്കുന്നത്. അറുനൂറിലധികം തൊഴിലാളികളുമായാണ് നിർമാണം. തൊഴിലാളികളുടെ എണ്ണം ഒരാഴ്‌ചയ്‌ക്കുള്ളിൽ 750 ആകും.
331 വീടിന് ഇതുവരെ നിലമൊരുക്കി. 300 എണ്ണത്തിന് അടിത്തറ ഒരുക്കാൻ കുഴിയെടുത്ത് മണ്ണ് പരിശോധന പൂർത്തിയാക്കി. 231 വീടിന് അടിത്തറയായി. 30 വീടിന് പില്ലർ ഉയർന്നു. കോൺക്രീറ്റ് മിശ്രിതം ശാസ്ത്രീയ പരിശോധന നടത്തിയശേഷമാണ് വാർപ്പിന് ഉപയോഗിക്കുന്നത്. സാമ്പിൾ 28 ദിവസം വെള്ളത്തിൽ കുതിർത്ത് മെഷീനിൽ പൊട്ടിച്ചെടുത്ത് കരുത്തും പരിശോധിക്കുന്നുണ്ട്.
കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റായി
വീടുകളുടെ വാർപ്പ് വേഗത്തിലാക്കാൻ നിർമാണച്ചുമതലയുള്ള ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ടൗൺഷിപ്പിനുള്ളിൽ കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് നിർമിച്ചു. പ്ലാന്റിൽനിന്നുള്ള കോൺക്രീറ്റ് മിശ്രിതം അതിവേഗത്തിൽ വാർക്കാൻ കഴിയുന്ന ‘ബൂംപമ്പ്’ ഉപയോഗിച്ച് പ്രവൃത്തി നടത്തും.
ടൗൺഷിപ്പിൽ എത്തിച്ച ബൂംപമ്പിലൂടെ ഒരുദിവസം ഏഴിലധികം വീട് വാർക്കാം. കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റിന്റെ പരീക്ഷണാർഥമുള്ള പ്രവർത്തനം ചൊവ്വാഴ്‌ച നടത്തി. ബുധനാഴ്‌ചമുതൽ പൂർണതോതിൽ പ്രവർത്തിപ്പിക്കും. സർക്കാർ ഏറ്റെടുത്ത 64.47 ഹെക്‌ടറിൽ 410 വീടുകളാണ് നിർമിക്കുന്നത്. ഏഴ് സെന്റിൽ ആയിരം ചതുരശ്രയടിയിലാണ് വീട്. ജനുവരിക്കുമുമ്പ് ഗുണഭോക്താക്കൾക്ക് വീട് കൈമാറാനാണ് പരിശ്രമം.









0 comments