പൊലിഞ്ഞത് 298 മനുഷ്യ ജീവനുകൾ

മുണ്ടക്കൈ ചൂരൽമല ദുരന്തം ; മരിച്ചതായി കണക്കാക്കിയവരുടെ ആശ്രിതർക്ക്‌ സഹായം നൽകി

wayanad rehabilitation
വെബ് ഡെസ്ക്

Published on Mar 19, 2025, 01:08 AM | 1 min read


കൽപ്പറ്റ : മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മരിച്ചവരായി കണക്കാക്കിയവരുടെ ആശ്രിതർക്കും സഹായം അനുവദിച്ചു. ഉരുൾപൊട്ടലിൽ കാണാതായ 32 പേരെയാണ്‌ മരിച്ചവരായി കണക്കിയത്‌. എട്ട്‌ ലക്ഷം രൂപവീതമാണ്‌ ആശ്രിതർക്ക്‌ നൽകിയത്‌.


കാണാതായവർ ഉൾപ്പെടെ 298 പേരാണ്‌ മരിച്ചവരുടെ പട്ടികയിലുള്ളത്‌. തിരച്ചിലിൽ 174 മൃതദേഹം ലഭിച്ചു. ശരീരഭാഗങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലൂടെ 92പേരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്താനോ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിയാനോ ആകാത്ത, ദുരന്തത്തിൽ കാണാതായതവരെയാണ്‌ മരിച്ചതായി കണക്കാക്കിയത്‌.


പ്രാദേശിക, സംസ്ഥാന തലങ്ങളിൽ പ്രത്യേക സമിതി രൂപീകരിച്ചാണ്‌ പട്ടിക തയ്യാറാക്കിയത്‌. ആക്ഷേപങ്ങൾ പരിശോധിച്ച്‌ ഫെബ്രുവരി 11ന്‌ 32 പേരെ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവിറക്കി. മരണസർട്ടിഫിക്കറ്റ്‌ അനുവദിച്ച്‌ അതിവേഗം ആശ്രിതർക്ക്‌ സഹായം നൽകി.


മരിച്ച 298 പേരിൽ 81 പേർക്ക്‌ അടുത്ത അവകാശികളില്ല. അഞ്ച്‌ ഇതരസംസ്ഥാനക്കാരുൾപ്പെടെ 204പേരുടെ ആശ്രിതർക്ക്‌ സഹായം നൽകി. രണ്ടുപേരുടെ അവകാശികൾ തമ്മിൽ തർക്കമുള്ളതിനാൽ തുക നൽകിയിട്ടില്ല. 11 പേർ പ്രായപൂർത്തിയാകാത്തവരാണ്‌. ഇവരുടെ തുക കൈമാറുന്നതിൽ വ്യക്തതവരാനുണ്ട്‌. കുട്ടികളുടെ രക്ഷിതാക്കളെ നിശ്ചയിക്കുന്നതിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്‌. തീരുമാനമായാൽ തുക അനുവദിക്കും. പണം വിനിയോഗിക്കുന്നതിന്‌ മാനദണ്ഡമുണ്ടാകും. ഇതുവരെ 16.32 കോടി രൂപയാണ്‌ മരിച്ചവരുടെ ആശ്രിതർക്ക്‌ നൽകിയത്‌. ദുരന്തബാധിതർക്ക്‌ നൽകിയ ധനസഹായം 25 കോടി രൂപ കവിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home