മുണ്ടക്കൈ ദുരന്തബാധിതരെ അപഹസിച്ച് കേന്ദ്രം; ചോദിച്ചത് 2162 കോടി തന്നത് 260 കോടി

സ്വന്തം ലേഖകർ
Published on Oct 03, 2025, 12:00 AM | 1 min read
കൽപ്പറ്റ: രാജ്യം നടുങ്ങിയ മുണ്ടക്കൈ ദുരന്തബാധിതരോട് വീണ്ടും കേന്ദ്രസർക്കാരിന്റെ കൊടുംക്രൂരത. നാനൂറിലേറെപ്പേർ മരിച്ച ദുരന്തത്തിന്റെ ഇരകളുടെ പുനരധിവാസത്തിന് അനുവദിച്ചത് 260.56 കോടി രൂപമാത്രം. 2162.05 കോടി രൂപ ചോദിച്ചയിടത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി 14 മാസത്തിനുശേഷം തുച്‌ഛമായ പണം അനുവദിച്ച് അപഹസിച്ചത്. ബിജെപി ഭരിക്കുന്ന അസമിന് വിവിധ ഇനങ്ങളിലായി 2160 കോടി രൂപയാണ് അനുവദിച്ചത്. ദുരന്ത ആഘാത ലഘൂകരണ, പുനരുദ്ധാരണ, പുനർനിർമാണ പദ്ധതികൾക്കായി അസം, കേരളം, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കായി 4645.60 കോടി രൂപയാണ് അനുവദിച്ചത്.
2024 ജൂലൈ 29 അർധരാത്രിയാണ് മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകൾ ഉൾപ്പെടുന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ ഉരുൾപൊട്ടലിൽ ഇല്ലാതായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തമേഖല സന്ദർശിച്ചപ്പോൾ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വിശദനിവേദനം നൽകാൻ ആവശ്യപ്പെട്ട് മടങ്ങി. 1202.12 കോടി രൂപ നഷ്‌ടം കണക്കാക്കി ആഗസ്‌ത് 17ന് സംസ്ഥാനം നിവേദനം നൽകി. അപ്പോൾ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്റ് റിപ്പോർട്ട് വേണമെന്നായി. 2221.03 കോടി രൂപയുടെ റിപ്പോർട്ട് നൽകിയതിന്റെ എട്ടിലൊന്ന് മാത്രമാണ് ഇപ്പോൾ അനുവദിച്ചത്.
2024 ആഗസ്‌ത് 10ന് കേന്ദ്രസംഘം ദുരന്തമേഖല സന്ദർശിച്ചപ്പോൾ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായ എൽ3ൽ ഉൾപ്പെടുത്തണമെന്നും അടിയന്തര നഷ്‌ടപരിഹാരം നൽകണമെന്നും ദുരന്തബാധിതരുടെ ബാങ്ക് കടം എഴുതിത്തള്ളണമെന്നും കേരളം ആവശ്യപ്പെട്ടു. അഞ്ചുമാസം കഴിഞ്ഞാണ് എൽ3ൽ ഉൾപ്പെടുത്തിയത്. അതോടെ കേരളത്തിന് സഹായം നഷ്‌ടമായി. നഷ്‌ടപരിഹാരമായി ഒരുരൂപപോലും അനുവദിക്കാത്ത കേന്ദ്രം കടം തള്ളാതിരിക്കാൻ നിയമംതന്നെ മാറ്റിയെഴുതി.









0 comments