മുണ്ടക്കൈ ടൗൺഷിപ് വാർപ്പിനൊരുങ്ങി മാതൃകാ വീട്

കൽപ്പറ്റ
: മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃകാവീടിന്റെ പ്രവൃത്തി വാർപ്പിലേക്ക്. തറയുടെയും കോൺക്രീറ്റ് തൂണിന്റെയും നിർമാണം പൂർത്തിയായി.
പതിനഞ്ചിനകം കെട്ടിടം കോൺക്രീറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി.
ഏപ്രിൽ 16ന് ആരംഭിച്ച പ്രവൃത്തി 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഗുണഭോക്താക്കൾക്കായി പ്രദർശിപ്പിക്കും. വീടിന്റെ ഗുണമേന്മ പരിശോധിക്കാൻ അവസരം ഒരുക്കുന്നതിനാണിത്.
മാതൃകാ വീടിന്റെ പ്രവൃത്തിക്കൊപ്പം ടൗൺഷിപ്പിലെ മറ്റു വീടുകളുടെ പ്രവൃത്തിയും ആരംഭിച്ചു. അഞ്ച് സോണുകളായാണ് നിർമാണം. ആദ്യസോണിൽ മാതൃകാ വീട് ഉൾപ്പെടെ 99 വീടാണുണ്ടാകുക. നാനൂറ്റി അമ്പതിലധികം വീടുകൾ ഒരുക്കാനുള്ള സ്ഥലം സർക്കാർ ഏറ്റെടുത്ത ഭൂമിയിലുണ്ട്.
ആദ്യ സോണിലെ മുഴുവൻ വീടുകൾക്കും നിലമൊരുക്കി.
ഒരുവീടിന് ഏഴ്‌സെന്റ് വീതമെന്ന നിലയിലാണ് ഭൂമി ക്രമീകരിച്ചത്. ടൗൺഷിപ്പിനായി ഏറ്റെടുത്ത ഭൂമിയിലെ ഫാക്‌ടറിയിലും അനുബന്ധ കെട്ടിടങ്ങളിലും തൊഴിലാളികളെ താമസിപ്പിച്ച് ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ രാത്രിയും പകലുമായാണ് പ്രവൃത്തി. റോഡും വീടും യാഥാർഥ്യമായശേഷം പൊതുകെട്ടിടങ്ങളുടെ നിർമാണത്തിലേക്ക് കടക്കും. മുഴുവൻ വീടുകളും നവംബറിനുള്ളിൽ ഗുണഭോക്താക്കൾക്ക് കൈമാറാനാണ് ശ്രമം.









0 comments