മുണ്ടക്കൈ പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറ് കോടിയുടെ സമാശ്വാസ ധനസഹായം

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം മാനേജ്‌മെന്റ് നൽകും. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മാനേജ്മെന്റുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.
പുൽപ്പാറ ഡിവിഷനിലെ 33 സ്ഥിരം തൊഴിലാളികൾക്ക് നിയമാനുസൃത ഗ്രാറ്റുവിറ്റി നൽകാനും ഒരു വർഷത്തെ സർവ്വീസിന് 15 ദിവസത്തെ വേതനം എന്ന നിരക്കിൽ റിട്രെഞ്ച്മെന്റ് കോമ്പൻസേഷൻ നൽകുന്നതിനും തീരുമാനിച്ചു. പുൽപ്പാറ ഡിവിഷനിലെ 14 താൽക്കാലിക ജിവനക്കാർക്ക് പിരിച്ചുവിടൽ ആനുകൂല്യം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും. എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുമ്പോൾ സർക്കാർ നൽകുന്ന പ്രതിഫലത്തുകയിൽ നിന്ന് തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ മാനേജുമെന്റ് നൽകുന്നതാണ്.
തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ(ഐ ആർ) സുനിൽ കെ എംൻ്റെ അധ്യക്ഷതയിൽ വയനാട് ജില്ലാ ലേബർ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ വിപിൻലാൽ കെ വി, ജില്ലാ ലേബർ ഓഫീസർ ജയേഷ് ജി, പ്ലാന്റേഷൻ ഇൻസ്പെക്ടർ പ്രിയ ആർ, മാനേജ്മെൻ്റ് പ്രതിനിധികളായ എൽസ്റ്റൺ എസ്റ്റേറ്റ് സെക്ഷൻ ഓഫീസർ സതീഷ്‌കുമാർ ജി, രാജേഷ് കെ എസ് വിവിധ ട്രേഡ് യുണിയൻ പ്രതിനിധികളായ ഗഗാറിൻ പി, പി പി ആലി,എൻ ദേവസി, വേണുഗോപാലൻ, യു കരുണൻ, ബി സുരേഷ് ബാബു, സി എച്ച് മമ്മി, കെ ടി ബാലകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.









0 comments