print edition മുനമ്പത്തെ താമസക്കാർക്ക് നികുതിയടയ്‌ക്കാൻ അനുമതി നൽകണം ; ഹെെക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ

കൊച്ചി
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുനമ്പത്തെ താമസക്കാർക്ക് ഭൂനികുതി അടയ്ക്കാൻ അനുമതി നൽകണമെന്ന് സർക്കാർ വീണ്ടും ഹെെക്കോടതിയിൽ ആവശ്യപ്പെട്ടു. ഭൂനികുതി സ്വീകരിക്കാനും മറ്റ് റവന്യു നടപടികൾക്കും അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വഖഫ് തർക്കം നിലനിന്നിരുന്ന മുനമ്പത്തെ താമസക്കാർ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. അതേസമയം, ഭൂനികുതി അടയ്ക്കുന്നതിന് തടസ്സവാദം ഉന്നയിക്കുന്ന എതിർകക്ഷികൾക്ക് കേസിൽ ഇടപെടാൻ കഴിയുമോയെന്ന് വ്യക്തമാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതി വാദത്തിനായി മാറ്റി. പോക്കുവരവ്, വിൽപ്പന, പണയം തുടങ്ങിയവർക്ക് റവന്യു അധികൃതർ അനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ സമിതിയും ചില താമസക്കാരും 2023ൽ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
താമസക്കാരുടെ നികുതി സ്വീകരിക്കാൻ നിർദേശിച്ച് കൊച്ചി തഹസിൽദാർ 2022 ഒക്ടോബറിൽ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കേരള വഖഫ് സംരക്ഷണവേദി സമർപ്പിച്ച ഹർജിക്കൊപ്പം അടുത്ത ബുധനാഴ്ച ഈ ഹർജിയും ജസ്റ്റിസ് സി ജയചന്ദ്രൻ പരിഗണിക്കും. സർക്കാരിനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം എച്ച് ഹനിൽകുമാർ ഹാജരായി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് അടുത്തിടെ ഡിവിഷൻ ബെഞ്ച് ഉത്തരവായിരുന്നു. 1950ൽ ഫാറൂഖ് കോളേജിന് ഇഷ്ടദാനം ലഭിച്ച ഭൂമി 2019ൽ വഖഫ് ആണെന്ന് വഖഫ് ബോർഡ് പ്രഖ്യാപിച്ചതോടെയാണ് അവിടത്തെ താമസക്കാരിൽനിന്ന് നികുതി ഇൗടാക്കാതിരുന്നത്.









0 comments