മുനമ്പം കമീഷൻ നിർദേശങ്ങൾ ; പ്രതിപക്ഷ ആക്ഷേപങ്ങൾക്കും മറുപടി


സി കെ ദിനേശ്
Published on May 23, 2025, 01:42 AM | 1 min read
തിരുവനന്തപുരം
മുനമ്പം പ്രശ്നം പ്രതിപക്ഷം പ്രചരിപ്പിച്ചതുപോലെ പത്ത് മിനിറ്റുകൊണ്ട് തീർക്കാവുന്നതല്ലെന്നും നിയപമപരവും സാങ്കേതികവുമായ കടമ്പകളുള്ളതാണെന്നും വ്യക്തമാക്കുന്നതാണ് ജസ്‌റ്റിസ് രാമചന്ദ്രൻ നായർ കമീഷന്റെ നിർദേശങ്ങൾ.
ഒരാളെപോലും കുടിയിറക്കിയുള്ള പരിഹാരത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കി മുനമ്പം പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിനാണ് സർക്കാർ ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. ‘ഭൂമിയുടെ അവകാശം സംബന്ധിച്ച പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനുള്ള നിർദേശങ്ങൾ നൽകുക ’ എന്ന് കൃത്യമായി പരിഗണനാവിഷയങ്ങളും വച്ചിരുന്നു. സർക്കാരിന് റിപ്പോർട്ട് നൽകാനിരിക്കെ കമ്മീഷൻ തന്നെയാണ് റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം മാധ്യമങ്ങളുമായി പങ്കുവച്ചത്.
600 ലധികം വരുന്ന കുടുംബങ്ങളെ ഒഴിപ്പിച്ചുകൊണ്ടുള്ള പരിഹാരം സാധ്യമല്ലെന്ന് കമീഷൻ വ്യക്തമാക്കുന്നു. 111 ഏക്കർ സ്ഥലത്തിന്റെ അവകാശം സംബന്ധിച്ച് വഖഫ് ബോർഡ്, ഫാറൂഖ് കോളേജ് എന്നിവരുമായി സർക്കാർ ചർച്ച നടത്തണം. ട്രിബ്യൂണലിൽ നടക്കുന്ന കേസ് താമസക്കാർക്ക് എതിരാവുകയാണെങ്കിൽ സർക്കാർ അപ്പീൽ പോകണം. ജനാധിപത്യപരവും നിയമപരവുമായ ഇത്തരം നടപടിക്രമങ്ങളെല്ലാം കഴിഞ്ഞിട്ടും പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ സർക്കാരിനുള്ള അധികാരം ഉപയോഗിച്ച് സ്ഥലം ഏറ്റെടുക്കാനാകും. വഖഫ് നിയമത്തിലും അത്തരം വകുപ്പുകളുണ്ടെന്നുമാണ് നിർദേശം. ഔദ്യോഗികമായി റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാർ അന്തിമ ശുപാർശകളിന്മേലുള്ള നടപടികളിലേക്ക് കടക്കും.
മുനമ്പം വിഷയം ആർഎസ്‌എസ് –- ബിജെപി നേതൃത്വം സഭയിലെ ചിലരെ ഉപയോഗപ്പെടുത്തി വർഗീയവൽകരിക്കാനും കലാപത്തിനുമാണ് ശ്രമിച്ചത്. അതിനെ സഹായിക്കുകയായിരുന്നു കോൺഗ്രസ്. എന്നാൽ സർക്കാർ, സാധാരണക്കാരായ അവിടുത്തെ താമസക്കാർക്ക് നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ശാശ്വതമായി കിട്ടത്തക്കവിധം പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.









0 comments