റിപ്പോർട്ട് അടുത്തയാഴ്‌ച കൈമാറും
കുടിയൊഴിപ്പിക്കരുത്, സംരക്ഷിക്കണം : മുനമ്പം കമീഷൻ

കൊച്ചി
മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കാതെ സംരക്ഷിക്കണമെന്ന ശുപാർശയോടെ മുനമ്പം ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് അടുത്തയാഴ്‌ച സമർപ്പിക്കും. റിപ്പോർട്ട് പൂർത്തിയായെന്നും മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ ദേശാഭിമാനിയോട് പറഞ്ഞു.
പ്രദേശവാസികളെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കുന്നത് പ്രായോഗികമല്ല. പ്രദേശവാസികളുമായും വഖഫ് ബോർഡുമായും ചർച്ച ചെയ്‌ത് സർക്കാർ രമ്യമായ പരിഹാരം കണ്ടെത്തണം. വഖഫ് ബോർഡിന് പകരം ഭൂമിയോ നഷ്‌ടപരിഹാരമോ നൽകണം.
ചർച്ചയിലൂടെ പരിഹരിക്കാനാകാതെ വരികയോ ബോർഡിന് അനുകൂലമായി ട്രിബ്യൂണൽ വിധി ഉണ്ടാവുകയോ ചെയ്‌താൽ സർക്കാർ, ഭൂമി ഏറ്റെടുത്ത് പതിച്ചുനൽകണം. വഖഫ് നിയമപ്രകാരം ഇത് സാധിക്കും. പൊതു ആവശ്യത്തിനായി ഏറ്റെടുക്കാമെന്ന അധികാരം പ്രയോഗിക്കണം. സർക്കാരിന് നഷ്‌ടമുണ്ടായാൽ ഫാറൂഖ് കോളേജ് മാനേജ്‌മെന്റിൽനിന്ന് ഈടാക്കാം. 404.76 ഏക്കറാണ് വഖഫായി രജിസ്റ്റർ ചെയ്‌തത്. ഇതിൽ 231 ഏക്കർ കടലെടുത്തു. ശേഷിക്കുന്നതിൽ ജനങ്ങൾ കൈവശംവച്ചിരിക്കുന്നത് നൂറ്റിപ്പതിനൊന്നര ഏക്കർ. 62 ഏക്കർ ചിറയാണ്.
ഭൂമി വഖഫാണോ അല്ലയോ എന്ന് കമീഷൻ പറഞ്ഞിട്ടില്ല. പറയുന്നത് ശരിയുമല്ല. റിപ്പോർട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി വേണം. റിപ്പോർട്ട് കോടതി അംഗീകരിക്കുമെന്നാണ് വിശ്വാസം.
പ്രശ്‌നപരിഹാരത്തിന് വഖഫ് ബോർഡും ഫാറൂഖ് കോളേജ് മാനേജ്‌മെന്റും സഹകരിക്കുമെന്നാണ് പ്രതീക്ഷ. സാധാരണക്കാരാണ് മുനമ്പത്തെ ഭൂരിഭാഗവും. എല്ലാവരുടെയും അവകാശം സംരക്ഷിക്കണം–- രാമചന്ദ്രൻനായർ പറഞ്ഞു. 75 പേജുള്ള റിപ്പോർട്ടാണ് കൈമാറുന്നത്. 31നകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശം.









0 comments