താമരശ്ശേരി ചുരത്തിൽ മൾട്ടിആക്‌സിൽ വാഹനങ്ങൾക്കും പ്രവേശനാനുമതി

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ മൾട്ടിആക്‌സിൽ വാഹനങ്ങൾക്കും പ്രവേശനാനുമതി. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇതു വഴി മൾട്ടിആക്‌സിൽ വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും കടന്നു പോകാൻ അനുമതി നൽകിയത്. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തിൽ നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും. ചുരം വ്യൂപോയിന്റിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിർത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.









0 comments