മുഹമ്മദ് ഖാലിബിനും ആശാ വർമയ്‌ക്കും സംരക്ഷണമൊരുക്കും: ഡിവൈഎഫ്ഐ

ആലപ്പുഴ: ഹിന്ദുത്വ ശക്തികളുടെ ലൗ ജിഹാദ് ആരോപണവും വധഭീഷണിയും ഭയന്ന് കേരളത്തിൽ അഭയംതേടിയ ജാർഖണ്ഡ് സ്വദേശികൾക്ക് പിന്തുണ നൽകുമെന്ന് ഡിവൈഎഫ്‌ഐ പ്രസ്‌താവനയിൽ അറിയിച്ചു. ലോകത്തിനുമുന്നിൽ കേരളം ഒരിക്കൽ കൂടി മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും മതവർഗീയവാദികൾക്ക് കടന്നുകയറാൻ കഴിയുന്ന സ്ഥലമല്ലെന്ന് തെളിയിക്കുകയുമാണ്. ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് ഖാലിബും ആശാ വർമയും സ്നേഹിച്ച് വിവാഹം കഴിക്കാൻ ആഗ്രഹിച്ചവരാണ്.
മതം അവരുടെ ജീവിതത്തിന് വെല്ലുവിളിയായപ്പോഴാണ് കേരളമെന്ന മതനിരപേക്ഷ നാട്ടിൽ എത്തിച്ചേരുന്നത്. വധഭീഷണി ഉൾപ്പെടെ വെല്ലുവിളി നേരിടുന്ന ഖാലിദിനും ആശയ്ക്കും പൂർണപിന്തുണ നൽകി സംരക്ഷണം നൽകാൻ ഡിവൈഎഫ്ഐയുണ്ടാകും. ജാർഖണ്ഡിൽ വർഗീയവാദികൾ വിഷയത്തിൽ വലിയ കലാപം സൃഷ്ടിക്കുകയാണ്. ജാർഖണ്ഡ് പൊലീസ് കായംകുളത്തെത്തി ഇവരെ അറസ്റ്റുചെയ്തുകൊണ്ട് പോകാനും നീക്കം നടത്തി. നാട്ടിൽ എത്തിയാൽ ജീവൻ പോലും നഷ്ടപ്പെടുമെന്ന ഇവരുടെ ഭയം ശരിവയ്‌ക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇവർക്ക് സംരക്ഷണം നൽകുമെന്ന് നിലപാട് സ്വീകരിച്ച പൊലീസ് അഭിനന്ദനം അർഹിക്കുന്നു. എന്തുവില കൊടുത്തും ഇവരുടെ സംരക്ഷണം ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാറും സെക്രട്ടറി ജയിംസ് ശമുവേലും വാർത്താക്കുറിപ്പിൽ അറിയിച്ചു.









0 comments