എം ടി വാസുദേവൻ നായർ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിന്റെ മഹാപ്രതിഭ

mt vasudevan nair
വെബ് ഡെസ്ക്

Published on Dec 25, 2024, 10:23 PM | 2 min read

കോഴിക്കോട്‌> മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16 തിങ്കളാഴ്‌ച പുലർച്ചെയാണ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചിരുന്നു. ഇത് മലയാളത്തിന്റെ പ്രിയ കഥാകാരൻ തിരിച്ചുവരുമെന്ന പ്രതീക്ഷയും ആശ്വാസവും ഉയർത്തിയിരുന്നു. എന്നാൽ രാത്രിയോടെ മരണം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതരുടെ അറിയിപ്പ് വന്നു.

നോവൽ,കഥ, സിനിമാസംവിധാനം, തിരക്കഥ, നാടകം, സാഹിത്യ ചിന്തകൾ എന്നിങ്ങനെ ഇടപെട്ട മേഖലകളിൽ എല്ലാം വ്യത്യസ്തമായ മികവുകൾ ചാർത്തി  അനശ്വരതയാർജ്ജിച്ച വ്യക്തിത്വമാണ്. എം ടി എന്ന ചുരുക്കപ്പേരിൽ കലാസാഹിത്യ രംഗങ്ങളിൽ അരനൂറ്റാണ്ടോളം നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ ഒരു നോവൽ, കഥ, അല്ലെങ്കിൽ സിനിമ, പ്രഭാഷണം കാണാത്ത കേൾക്കാത്ത ആരുമുണ്ടാവില്ലെന്ന് മലയാള മനസുകളിലെയും നിത്യ സാന്നിധ്യമായിരുന്നു.

മലയാള ഭാഷയെയും സംസ്കാരത്തെയം അത്രമേൽ സ്നേഹിക്കുമ്പോഴും ലോക സാഹിത്യത്തെ കുറിച്ച് അപാരമായ അറിവും ആഴത്തിലുള്ള വായനയും അദ്ദേഹത്തിന്റെ സർഗ്ഗവ്യാപാരത്തെ വിശാലമാക്കി. തർജ്ജമ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കൃതികൾക്ക് വിവിധ ഭാഷകളിൽ വായനക്കാരും ആരാധകരുമുണ്ടായി. രോഗശയ്യയിലാവുന്നതുവരെ പൊതുരംഗങ്ങളിൽ സജീവത തുടർന്നു. തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായിരുന്നു. തുഞ്ചൻ ഉത്സവം ജനകീയമാക്കുന്നതിലും സ്മാരകം യാഥാർത്ഥ്യമാക്കുന്നതിലും മുൻനിരയിൽ പ്രവർത്തിച്ചു.

രാജ്യത്തെ ഉന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠം, പത്മഭൂഷൺ പുരസ്‌കാരം, കേരളസർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ  കേരളജ്യോതി, ദേശാഭിമാനി സാഹിത്യ പുരസ്കാരം, ജെ സി ഡാനിയേൽ പുരസ്കാരം,  എഴുത്തച്ഛൻ പുരസ്‌കാരങ്ങൾ  തുടങ്ങി ഇരുന്നൂറിലിധികം ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌. കേന്ദ്ര–-കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ എം ടിക്ക്‌ ചെറുകഥക്കും നോവലിനും നാടകത്തിനും കേരള സാഹിത്യഅക്കാദമി അവാർഡ്‌ ലഭിച്ചു. ഇത്തരത്തിൽ ഒരേ പുരസ്കാരം ലഭിച്ച ഏക മലയാളി സാഹിത്യകാരൻ എന്ന ഖ്യാതിയുമുണ്ട്‌.

മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായി ദീർഘകാലം പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നിട്ടുണ്ട്. തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ആദ്യ സിനിമ ‘നിർമ്മാല്യ’ത്തിന്‌ സുവർണ കമലം സ്വന്തമാക്കി. ഇതിന്റെ അമ്പതാം വാർഷികമായിരുന്നു 2024. ഈ വർഷം തന്നെ അദ്ദേഹത്തിന്റെ കഥകളെ അടിസ്ഥാനമാക്കിയുള്ള ഒമ്പത്‌ സിനിമകളുടെ സമാഹാരം ‘മനോരഥങ്ങൾ’ ഓണസമ്മാനമായി പുറത്തിറങ്ങി. ‘മനോരഥങ്ങൾ’ പുറത്തിറങ്ങുന്നതിന്റെ ഭാഗമായുള്ള ചടങ്ങിൽ  കൊച്ചിയിലാണ്‌ ഒടുവിൽ പൊതുപരിപാടിയിൽ  പങ്കെടുത്തത്‌. 91 -ാം ജന്മദിനമായ ജൂലൈ15 നായിരുന്നു ആ ആഘോഷവും.

അമ്പതിലധികം ചലച്ചിത്രകാവ്യങ്ങളുമായി സംവിധായകൻ, തിരിക്കഥാകൃത്ത്‌, നിർമ്മാതാവ്‌, ഗാനരചയിതാവ്‌  എന്നിങ്ങനെ വെള്ളിത്തിരയിൽ സുവർണമുദ്ര പതിപ്പിച്ച ചലച്ചിത്രകാരനുമാണ്‌. 1960 കളിലാണ് എം ടി സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്.മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നിർമ്മാല്യം തുടങ്ങിയവയാണ് ആദ്യചിത്രങ്ങൾ.

 ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഓപ്പോൾ, വില്ക്കാനുണ്ട് സ്വപ്നങ്ങൾ, വളര്ത്തു മൃഗങ്ങൾ, തൃഷ്ണ, വാരിക്കുഴി, ഉയരങ്ങളിൽ, മഞ്ഞ്, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, എന്ന് സ്വന്തം ജാനകിക്കുട്ടി, താഴ്‌വാരം, ഋതുഭേദം, ഉത്തരം പെരുന്തച്ചൻ, പരിണയം, സുകൃതം, സദയം എന്നിങ്ങനെ ആസ്വാദക ലോകം നെഞ്ചേറ്റിയ ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചു. തിരക്കഥയ്ക്ക് നാല് തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
 
 1948ൽ ‘ചിത്രകേരളം’ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ട’മാണ്‌ ആദ്യകഥ. നാലുകെട്ട്, അസുരവത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം, വാരാണസി എന്നിവയാണ് ശ്രദ്ധേയമായ നോവലുകൾ. ആദ്യമായി പുസ്തക രൂപത്തിൽ പ്രസിധകരിച്ച നോവൽ നാലുകെട്ടാണ്. 1958 ലയിരുന്നു ഇത്. ആദ്യ നോവലിന് തന്നെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

പാലക്കാടൻ ഗ്രാമമായ കൂടല്ലൂരിൽ 1933 ജൂലൈ 15നാണ്‌ ജനനം. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ എന്നാണ് എം.ടി.യുടെ മുഴുവൻ പേര്. അച്ഛൻ: പരേതനായ നാരായണൻ നായർ, അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: എം ടി ഗോവിന്ദൻനായർ, ബാലൻ നായർ.

പ്രശസ്‌ത നർത്തകി കലാമണ്ഡലം സരസ്വതിയാണ്‌ ഭാര്യ. മക്കൾ: സിതാര( അമേരിക്ക), അശ്വതി. മരുമക്കൾ: ശ്രീകാന്ത്‌ (നർത്തകൻ, ചെന്നൈ).സഞ്ജയ്‌ ഗിർമെ( അമേരിക്ക). ആദ്യ ഭാര്യ: പരേതയായ പ്രമീള.



deshabhimani section

Related News

View More
0 comments
Sort by

Home