കെട്ടിവയ്ക്കേണ്ടത് 
2.60 കോടി

എംഎസ്‌സി പലേർമോ കപ്പൽ അറസ്റ്റ്‌ ചെയ്യാൻ ഉത്തരവ് ; നഷ്ടപരിഹാരം തേടി ബോട്ട്‌ ഉടമകൾ

msc palermo
വെബ് ഡെസ്ക്

Published on Aug 13, 2025, 12:20 AM | 1 min read


കൊച്ചി

കേരളതീരത്ത് എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങി മീൻപിടിത്തം തടസ്സപ്പെട്ടതിനെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ട്‌ ഉടമകൾ നൽകിയ ഹർജിയിൽ ഇതേ കമ്പനിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. 2.60 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാല് ബോട്ട്‌ ഉടമകൾ നൽകിയ അഡ്മിറാൽറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്. വിഴിഞ്ഞം തുറമുഖത്തെത്തിയ എംഎസ്‌സി കമ്പനിയുടെ പലേർമോ കപ്പൽ അറസ്റ്റ് ചെയ്യാനാണ്‌ ഉത്തരവ്‌. ഹർജിക്കാർ ആവശ്യപ്പെടുന്ന തുക കോടതിയിൽ കെട്ടിവച്ചാൽ കപ്പൽ വിട്ടയക്കണമെന്നും നിർദേശിച്ചു.


ബോട്ട്‌ ഉടമകളായ ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഷാജി, എറണാകുളം നായരമ്പലം സ്വദേശികളായ ടി ജി വേണു, പുരുഷോത്തമൻ, ടി ബി സതീശൻ എന്നിവരാണ് ഹർജി നൽകിയത്. കപ്പലപകടത്തിനുശേഷം ആദ്യമായാണ് ബോട്ട്‌ ഉടമകൾ നഷ്ടപരിഹാരം തേടി അഡ്മിറാൽറ്റി സ്യൂട്ട് നൽകുന്നത്. കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും മീൻപിടിത്തത്തിന് തടസ്സമായെന്നും വലകൾ നശിച്ചെന്നും ഹർജിയിൽ പറയുന്നു.

മെയ് 25നാണ് എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയത്. കപ്പൽ മുങ്ങി ചരക്കുനഷ്ടം സംഭവിച്ച കശുവണ്ടി കമ്പനി ഉടമകൾ നൽകിയ ഹർജിയിൽ എംഎസ്‌സി കമ്പനിയുടെ അകിറ്റെറ്റ 2 എന്ന കപ്പൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്‌ നഷ്ടപരിഹാരത്തുക കെട്ടിവച്ച്‌ കപ്പൽ മോചിപ്പിച്ചു. കപ്പൽ മുങ്ങിയതിൽ പാരിസ്ഥിതികനാശമടക്കം ചൂണ്ടിക്കാട്ടി 9531 കോടിയുടെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും അഡ്മിറാൽറ്റി സ്യൂട്ട് നൽകിയിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home