ബാധകമായ നിയമങ്ങളനുസരിച്ച് 12.2661 കോടി രൂപ മാത്രമേ നഷ്ടപരിഹാരം നൽകേണ്ടതുള്ളൂവെന്ന് കപ്പൽ കമ്പനി
എംഎസ്സി എൽസ- 3 കപ്പലപകടം ; 9531 കോടി നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കപ്പൽ കമ്പനി

കൊച്ചി
കേരള തീരത്ത് എംഎസ്സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനുമടക്കം നേരിട്ട നാശം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കപ്പൽ കമ്പനി. അപകടം രാജ്യാതിർത്തിക്ക് പുറത്ത് 14.5 നോട്ടിക്കൽ മൈൽ അകലെയാണെന്നും സംസ്ഥാന സർക്കാരിന് അഡ്മിറാൽറ്റി സ്യൂട്ട് നൽകാൻ അധികാരമില്ലെന്നും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ഹെെക്കോടതിയെ സത്യവാങ്മൂലത്തിൽ അറിയിച്ചു.
കപ്പൽ അപകടത്തിൽ സമുദ്രാതിർത്തിയിലെ പരിസ്ഥിതിക്ക് നഷ്ടമുണ്ടായിട്ടില്ല. നഷ്ടപരിഹാരം നൽകുംവരെ കമ്പനിയുടെ കപ്പൽ അറസ്റ്റ് ചെയ്തിടാനുള്ള ഉത്തരവ് അധികാരപരിധി ലംഘിച്ചുള്ളതാണ്. ബാധകമായ നിയമങ്ങളനുസരിച്ച് 12.2661 കോടി രൂപ മാത്രമെ നഷ്ടപരിഹാരം നൽകേണ്ടതുള്ളൂവെന്നും ഷിപ്പിങ് കമ്പനി കോടതിയെ അറിയിച്ചു.
സർക്കാർ നൽകിയ അഡ്മിറാൽറ്റി സ്യൂട്ട് നിലനിൽക്കില്ല. അതിലെ കണക്കുകൾ ഭാവനാസൃഷ്ടിയാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് സമുദ്ര പരിസ്ഥിതി സംരക്ഷണവും മലിനീകരണ നിയന്ത്രണവും കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ളതാണ്. ആ വിഷയങ്ങളിൽ സംസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനാകില്ല. എണ്ണ മാലിന്യമടക്കം കണ്ടെത്താൻ കേന്ദ്രസർക്കാർ നിർദേശിച്ച അതോറിറ്റി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങാണ്. കപ്പലിന്റെ ഓയിൽ ടാങ്കുകളിൽ ഒന്നിൽമാത്രമാണ് ചോർച്ചയുണ്ടായത്. 643 കണ്ടെയ്നറുകളിൽ 13 എണ്ണത്തിൽ മാത്രമായിരുന്നു അപകടകരമായ സാധനങ്ങൾ.
ഇതിലൊന്നുപോലും കടലിൽ വീണതായി കണ്ടെത്തിയിട്ടില്ല. കടലിൽ വീണ പ്ലാസ്റ്റിക് ബോളുകൾ കമ്പനി നിയോഗിച്ച സംഘങ്ങൾ ശേഖരിച്ചു നീക്കി. കടപ്പുറങ്ങൾ ശുചീകരിച്ചു. കണ്ടെയ്നറുകളിൽ ഭൂരിഭാഗവും തിരിച്ചുപിടിച്ചു. എണ്ണ മലിനീകരണത്തിന് തെളിവ് നൽകാതെയാണ്, ഇൗ ഇനത്തിൽ മാത്രമായി 8626 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്നും അഡ്മിറാൽറ്റി സ്യൂട്ട് തള്ളണമെന്നും കമ്പനി ആവശ്യപ്പെട്ടു.
നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നതുവരെ എംഎസ്സി കമ്പനിയുടെതന്നെ മറ്റൊരു കപ്പൽ എംവി അക്കറ്റെറ്റ 2 തടഞ്ഞുവയ്ക്കാൻ സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.









0 comments