കണ്ടെയ്‌നറുകളുടെ വിവരങ്ങൾ 
പരസ്യപ്പെടുത്തണമെന്ന്‌ ഹെെക്കോടതി

കപ്പൽച്ചേത പ്രദേശത്ത്‌ 
നങ്കൂരമിട്ട്‌ ഗവേഷണസംഘം ; പാരിസ്ഥിതികാഘാതങ്ങൾ പഠിക്കും

msc elsa shipwreck

സമുദ്രശാസ്‌ത്ര പഠനസംഘം ‘സാഗർ സംപദാ’ കപ്പലിന്‌ മുന്നിൽ

വെബ് ഡെസ്ക്

Published on Jun 06, 2025, 12:18 AM | 2 min read


കൊച്ചി

രാസവസ്‌തുക്കൾ അടങ്ങിയ കപ്പൽ മുങ്ങിയതിനെ തുടർന്ന്‌ അറബിക്കടലിന്റെ തെക്കൻ സമുദ്രാതിർത്തിയിലുണ്ടാകുന്ന പാരിസ്ഥിതികാഘാതങ്ങളെക്കുറിച്ച്‌ സമുദ്രശാസ്‌ത്ര സംഘം പഠനം ആരംഭിച്ചു. കേന്ദ്ര ഭൂമിശാസ്ത്രവകുപ്പിനുകീഴിൽ പുതുവൈപ്പിൽ പ്രവർത്തിക്കുന്ന മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജി സെന്ററാണ്‌ (സിഎംഎൽആർഇ) സമുദ്രശാസ്ത്ര ഗവേഷണ യാത്ര നടത്തുന്നത്‌. ‘സാഗർ സംപദാ’ എന്ന കപ്പലിലാണ്‌ 19 അംഗ സംഘം. 12 വരെയാണ്‌ പഠനം.


കപ്പൽ മുങ്ങിയ സ്ഥലത്ത് പ്രത്യേക ശ്രദ്ധകൊടുത്താണ് പഠനമേഖല നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ 16 പരീക്ഷണയിടങ്ങൾ ഉൾപ്പെടും. സമുദ്രജീവികൾ, മത്സ്യബന്ധനം, ചുറ്റുമുള്ള ജലത്തിന്റെയും അവസാദങ്ങളുടെയും രാസ സന്തുലിതാവസ്ഥ എന്നിവയിലുണ്ടാകാവുന്ന ആഘാതം അടക്കം സമഗ്ര വിലയിരുത്തലാണ്‌ നൂതന ഉപകരണങ്ങളും രീതികളും ഉപയോഗിച്ചുള്ള പഠനത്തിന്റെ ലക്ഷ്യം. കപ്പൽച്ചേത പ്രദേശത്തെ പാരിസ്ഥിതിക സവിശേഷതകൾ, ഹൈഡ്രോഗ്രാഫി, സമുദ്ര പ്രവാഹങ്ങൾ എന്നിവ നിരീക്ഷിക്കും.


ദീർഘദൂര സോണാർ എസ്‌എക്‌സ്‌–-90, മൾട്ടിപ്പിൾ ഫ്രീക്വൻസി സ്‌പ്ലിറ്റ്-ബീം എക്കോ സൗണ്ടറുകൾ തുടങ്ങി ഉയർന്ന നിലവാരമുള്ള ശബ്ദസംവിധാനങ്ങൾ പഠനത്തിന് ഉപയോഗിക്കും. ഇത്‌ കപ്പലിൽനിന്ന്‌ പടർന്ന അവശിഷ്ടം കണ്ടെത്താനും അതുമൂലമുള്ള കടലിലെ മാറ്റങ്ങൾ രേഖപ്പെടുത്താനും സമുദ്രജീവികളുടെ മാറ്റങ്ങൾ തിരിച്ചറിയാനും സഹായിക്കും. ഫൈറ്റോപ്ലാങ്ക്ടൺ, സൂപ്ലാങ്ക്ടൺ, മീൻമുട്ടകൾ, ലാർവകൾ എന്നിവയുടെ വിതരണവും ആരോഗ്യവും വിലയിരുത്തും. ഗ്രാബ് സാമ്പിളുകൾ ഉപയോഗിച്ച് കടലടിത്തട്ടിൽനിന്ന്‌ അവശിഷ്ടങ്ങൾ ശേഖരിക്കും. ഘടനാപരമായ നാശനഷ്ടം, എണ്ണച്ചോർച്ച, സമുദ്രജീവികളുടെ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കാൻ കാമറകൾ വിന്യസിക്കും. ഉപരിതല നിരീക്ഷണത്തിനായി ഒരു ബിഗ് ഐ കാമറയും ഉപയോഗിക്കുന്നുണ്ട്‌.


ഫിസിക്കൽ ഓഷ്യാനോഗ്രഫി, മറൈൻ ബയോളജി, ഫിഷറീസ് അക്കോസ്റ്റിക്സ്, മറൈൻ കെമിസ്ട്രി, ഫിഷറീസ്, എൻവയോൺമെന്റൽ ടോക്സിക്കോളജി എന്നീ മേഖലയിലെ വിദഗ്‌ധർ പഠനസംഘത്തിലുണ്ട്‌.



കണ്ടെയ്‌നറുകളുടെ വിവരങ്ങൾ 
പരസ്യപ്പെടുത്തണമെന്ന്‌ ഹെെക്കോടതി

കൊച്ചി പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലിലെ കണ്ടെയ്‌നറുകളിൽ എന്തൊക്കെയുണ്ടെന്നും അവ ചോർന്നാലുള്ള പ്രത്യാഘാതവും ജനങ്ങളെ അറിയിക്കണമെന്ന്‌ ഹൈക്കോടതി. പൊതുജനങ്ങളുടെ അറിവിലേക്കായി സർക്കാർ വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. കണ്ടെയ്നറിലെ വസ്തുക്കൾ കടലിലെയും തീരദേശത്തെയും ആവാസവ്യവസ്ഥയെ ബാധിക്കുമോയെന്നും വ്യക്തമാക്കണം.


ദേശീയ ഹരിത ട്രിബ്യൂണൽ നടപടി സ്വീകരിച്ചതായും സംസ്ഥാന സർക്കാരും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി എൻ മനോജ്‌കുമാർ അറിയിച്ചു. തീരത്തടിഞ്ഞ മാലിന്യം നീക്കുന്നതടക്കം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ബോധിപ്പിച്ചു. സർക്കാരിനൊട്‌ ലഭ്യമായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ നിർദേശിച്ച കോടതി, ഈ ഘട്ടത്തിൽ കൂടുതൽ നിർദേശങ്ങൾ നൽകുന്നില്ലെന്നും പറഞ്ഞു.


കപ്പൽ മുങ്ങിയതോടെ തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക്‌ നഷ്ടപരിഹാരം നൽകണമെന്ന്‌ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ്‌ ടി എൻ പ്രതാപൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് പരിഗണിച്ചത്. സർക്കാരുമായി ചർച്ച ചെയ്ത് പരാതികൾക്ക് പരിഹാരം കാണാൻ കോടതി നിർദേശിച്ചു. 19ന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home