ചരക്കുകപ്പൽ അപകടം ; വോയേജ് ഡാറ്റാ റെക്കോഡർ വീണ്ടെടുക്കൽശ്രമം നീളുന്നു

കൊച്ചി
പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3ൽനിന്ന് വോയേജ് ഡാറ്റാ റെക്കോഡർ (വിഡിആർ) വീണ്ടെടുക്കാനുള്ള ശ്രമത്തിന് കൂറ്റൻ തിരമാലകളും പ്രതികൂല കാലാവസ്ഥയും തടസ്സമാകുന്നു. വ്യാഴാഴ്‌ച മുങ്ങൽവിദഗ്‌ധരുടെ സഹായത്തോടെ വിഡിആർ കപ്പലിനുള്ളിൽനിന്ന് കണ്ടെത്താനായിരുന്നു ലക്ഷ്യം. തിങ്കൾ മുതലേ ഇനി പരിശോധന ആരംഭിക്കൂ.
വിഡിആറിൽനിന്ന് കപ്പൽ അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്. കപ്പലിന്റെ വേഗം, ദിശ, ക്രൂ അംഗങ്ങളുടെ സംസാരം, മറ്റു കപ്പലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവ ഇതിലുണ്ടാകും.
ഇന്ധനം നീക്കുന്ന പ്രവൃത്തി മുങ്ങൽവിദഗ്‌ധരുടെ സഹായത്തോടെ ബുധനാഴ്‌ച ആരംഭിച്ചിരുന്നു. കപ്പൽ ടാങ്കിൽ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. ടാങ്കിൽ ചോർച്ചവരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് എണ്ണ നീക്കം ചെയ്യുക. അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റും.
എണ്ണ നീക്കാനുള്ള പ്രാരംഭനടപടി 10ന് പൂർത്തിയാകും. 13ന് ഇന്ധനംനീക്കൽ പൂർണതോതിൽ ആരംഭിച്ച് ജൂലൈ മൂന്നിന് പൂർത്തിയാകും. തുടർന്ന് കപ്പലിലെ കണ്ടെയ്‌നറുകൾ ഉയർത്തും. പിന്നീടാണ് കപ്പൽ ഉയർത്തുക. അമേരിക്കൻ കമ്പനിയായ ടി ആൻഡ് ടി സാൽവേജിന്റെ നാല് ടഗുകളാണ് സ്ഥലത്ത് സർവേയും എണ്ണനീക്കലും നടത്തുന്നത്. നാവികസേനയും തീരസംരക്ഷണസേനയും മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്.









0 comments