വാൻഹായ് 100 നോട്ടിക്കൽ മൈൽ അകലേക്ക് നീക്കും
എംഎസ്‌സി എൽസ ; ഇന്ധനം നീക്കാൻ കർമപദ്ധതിയുമായി ‘സ്‌മിറ്റ് സാൽവേജ്’

കൊച്ചി
കൊച്ചി തീരത്തിനുസമീപം മുങ്ങിത്താണ ‘എംഎസ്‌സി എൽസ -3’ കപ്പലിലെ ഇന്ധനം നീക്കാൻ പുതിയ കമ്പനി ‘സ്‌മിറ്റ് സാൽവേജ്’ കർമപദ്ധതി തയ്യാറാക്കുന്നു. കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയോട് ഇന്ധന നീക്കത്തിനും കപ്പൽ ഉയർത്താനുമുള്ള കർമപദ്ധതി അടിയന്തരമായി സമർപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആവശ്യപ്പെട്ടു. പുതുക്കിയ കർമപദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ഇതുവരെ നൽകിയിട്ടില്ലെന്ന് ഡിജി ഷിപ്പിങ് അറിയിച്ചു. കർമപദ്ധതിയുടെ അടിസ്ഥാനത്തിൽ ഇന്ധനം നീക്കൽ വൈകാതെ ആരംഭിക്കുമെന്നാണ് സൂചന.
ഇന്ധനനീക്കത്തിന് സഹായിക്കുന്ന ഗാർഡ് വെസ്സൽ ‘കനറ മേഘ’ 28ന് എത്തുമെന്നാണ് സൂചന. സ്ഥലത്ത് ഇപ്പോഴുള്ളത് ‘നന്ദ് സാർഥി’ ടഗ്ഗാണ്. തീരസംരക്ഷണസേനയുടെ ഡോണിയർ വിമാനം നിരീക്ഷണം നടത്തുന്നുണ്ട്.
കപ്പൽ മുങ്ങിയതിനുസമീപം ഒരു കിലോമീറ്ററോളം വ്യാപ്‌തിയിൽ കണ്ട നേർത്ത എണ്ണപ്പാട 48 മണിക്കൂർ കഴിഞ്ഞിട്ടും നീങ്ങിയിട്ടില്ല. ഇത് കപ്പലിന്റെ ഇന്ധനടാങ്കിൽനിന്ന് ചോർന്നതല്ലെന്നാണ് പ്രാഥമിക നിരീക്ഷണം. മുങ്ങൽവിദഗ്‌ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കപ്പലിന്റെ എൻജിൻ മുറിയിലോ മെഷിൻ ഭാഗങ്ങളിലോ ഉപയോഗിച്ച ഓയിലോ ലൂബ്രിക്കന്റുകളോമൂലമാണ് എണ്ണപ്പാടയുണ്ടായതെന്നാണ് സംശയിക്കുന്നത്. കപ്പലിലെ ഇന്ധന ടാങ്കുകളിൽനിന്ന് എണ്ണ ചോരുന്നില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. നന്ദ് സാർഥി ടഗ്ഗിന്റെ സഹായത്തോടെ എണ്ണപ്പാട നീക്കുമെന്നാണ് സൂചന.
കപ്പലിൽനിന്നുള്ള പ്ലാസ്റ്റിക് തരികൾ കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലേക്ക് മാറ്റാൻ ധാരണയായതായി ഡിജി ഷിപ്പിങ് അറിയിച്ചു. തിരുവനന്തപുരത്തെ ബീച്ചുകളിൽനിന്ന് ലഭിച്ച 190 ടൺ പ്ലാസ്റ്റിക് മാലിന്യം തുറമുഖത്തേക്ക് ഉടൻ മാറ്റിത്തുടങ്ങും. കസ്റ്റംസിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മേൽനോട്ടത്തിലായിരിക്കും നീക്കുക.
വാൻഹായ് 100 നോട്ടിക്കൽ മൈൽ അകലേക്ക് നീക്കും
ബേപ്പൂരിനടുത്ത് പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ ചരക്കുകപ്പലിനെ 48 മണിക്കൂറിനകം 100 നോട്ടിക്കൽ മൈൽ അകലേക്ക് മാറ്റാൻ നീക്കം. തിരുവനന്തപുരം തീരത്തിന് തെക്കുപടിഞ്ഞാറ് 100 നോട്ടിക്കൽ മൈൽ അകലേക്ക് മാറ്റാൻ കപ്പൽ കമ്പനിയോട് ഡിജി ഷിപ്പിങ് ആവശ്യപ്പെട്ടു.
കപ്പലിൽനിന്ന് ഇന്ധനച്ചോർച്ച ഉണ്ടായാൽ മലിനീകരണം ഒഴിവാക്കാനാണ് നടപടി. കപ്പൽ ഉടമകളോട് ഇന്ധനനീക്കത്തിന് കർമപദ്ധതി തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡർ (വിഡിആർ) ബുധനാഴ്‌ച കൊച്ചിയിലെത്തിക്കും. ക്യാപ്‌റ്റന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ഇത് പരിശോധിക്കും. പൂർണമായി തീയണഞ്ഞാൽ ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്തേക്ക് കൊണ്ടുപോകും.









0 comments