എംഎസ്‌സി എൽസ 3 കപ്പലപകടം ; ഇന്ധനം നീക്കാന്‍ കാനറ മേഘ ടഗ് എത്തുന്നു

കൊച്ചി
കൊച്ചി തീരത്തിനുസമീപം മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3 യിൽനിന്ന് ഇന്ധനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് കാനറ മേഘയെ പുതിയ ടഗ് ആയി ഉപയോഗിക്കും. ഇന്ത്യൻപതാക വഹിക്കുന്ന കാനറ മേഘയ്ക്ക് 35 മീറ്റർ നീളമുണ്ട്. എണ്ണ നീക്കാനും കണ്ടെയ്‌നറുകൾ വീണ്ടെടുക്കാനുമുള്ള വിശദ കർമപദ്ധതി റിപ്പോര്‍ട്ട് 48 മണിക്കൂറിനകം കൈമാറണമെന്ന് കപ്പലുടമയ്‌ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് കര്‍ശനനിര്‍ദേശം നല്‍കി. തന്ത്രപ്രധാന മേഖലയോടുചേര്‍ന്ന് കടലില്‍ 51 മീറ്റര്‍ താഴ്ചയില്‍ കപ്പല്‍ കിടക്കുന്നത് സുരക്ഷാപ്രശ്നത്തിനും മലിനീകരണത്തിനും കാരണമാകും.
നിലവിലുണ്ടായിരുന്ന അമേരിക്കൻ സാൽവേജ് കമ്പനി ടി ആൻഡ് ടി ഇന്ധനം നീക്കൽ ദൗത്യത്തിൽനിന്ന് പിന്മാറി. പുതിയ സാൽവേജ് കോൺട്രാക്ടറുടെ കീഴിൽ ദൗത്യം പുനരാരംഭിക്കാനുള്ള നടപടി നടന്നുവരികയാണ്. ടി ആൻഡ് ടി കപ്പലിലെ എണ്ണച്ചോർച്ച പൂർണമായും അടച്ചിരുന്നു.
കാലവർഷം ശക്തപ്രാപിക്കുന്നതിനാൽ കപ്പലിന്റെ അടിത്തട്ടിലെ ടാങ്കിൽ എണ്ണകിടക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് വ്യക്തമാക്കുന്നത്. ഇന്ധനച്ചോർച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടിയന്തര ഇടപെടൽ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. ടി ആൻഡ് ടി പിന്മാറിയതിനുപിന്നാലെ ഡൈവിങ് കപ്പൽ സീമെക്ക്–-3 മടങ്ങി. ദുരിതബാധിത ബീച്ചുകളിലെ ശുചീകരണവും പ്ലാസ്റ്റിക്‌തരികൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങളും തുടരുകയാണ്. ശേഖരിക്കുന്ന പ്ലാസ്റ്റിക്‌തരികൾ സൂക്ഷിക്കുന്നതിനെക്കുറിച്ച് ഡിജി ഷിപ്പിങ്, കസ്റ്റംസുമായി കൂടിയാലോചന നടത്തുന്നുണ്ട്.









0 comments