എൽസ ദൗത്യം സെപ്തംബർ പകുതിയോടെ പൂർത്തിയാക്കും

കൊച്ചി
ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3ൽനിന്നുള്ള ഇന്ധന നീക്കവും കണ്ടെയ്‌നറുകൾ വീണ്ടെടുക്കലും സെപ്‌തംബർ പകുതിയോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ദൗത്യസംഘം. കടലിലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമെങ്കിൽ സെപ്‌തംബർ പകുതിയോടെ ദൗത്യം പൂർത്തീകരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു.
എം വി സതേൺ നോവ കപ്പലിന്റെ സഹായത്തോടെയാണ് ദൗത്യം പുരോഗമിക്കുന്നത്. എന്നാൽ, ശക്തമായ അടിയൊഴുക്ക് കാരണം മുങ്ങൽവിദഗ്‌ധരുടെ സേവനം പൂർണമായി ഉപയോഗിക്കാൻ സാധിച്ചിട്ടില്ല. മുങ്ങൽ വിദഗ്ധരടക്കം 65 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്. ഓഫ്ഷോർ മൊണാർക്ക്, കനറ മേഘ എന്നീ കപ്പലുകളും ദൗത്യത്തിനുണ്ട്. കപ്പൽ മുങ്ങിയ സ്ഥലത്തിനുസമീപം എണ്ണപ്പാട കണ്ടെത്താൻ സാധിച്ചിട്ടില്ല. ആഴക്കടൽ ദൗത്യത്തിന് ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത റോബോട്ടിക് ഉപകരണത്തിന്റെ തകരാർ ഉടൻ പരിഹരിച്ച് ദൗത്യത്തിന്റെ വേഗം വീണ്ടെടുക്കുമെന്ന് ഡിജി ഷിപ്പിങ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ വേലിയേറ്റ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത് മുങ്ങൽ വിദഗ്‌ധരുടെ ജോലി തടസ്സപ്പെടുത്തുമെന്നും സൂചനയുണ്ട്.
കപ്പലിന്റെ ടാങ്കുകളിൽനിന്ന് ഇന്ധനം നീക്കിയശേഷമാണ് കണ്ടെയ്നറുകൾ മാറ്റുക. മുംബൈ ആസ്ഥാനമായ മെർക്ക് എന്ന സാൽവേജ് ഓപ്പറേഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം പുനരാരംഭിച്ചത്. മെയ് 25നാണ് കപ്പൽ മുങ്ങിയത്. 450 ടൺ ഇന്ധനമാണ് ടാങ്കുകളിലുള്ളത്.









0 comments