എൽസ 3 അപകടം:പൊലീസ് അന്വേഷണം തുടങ്ങി
കപ്പൽ കേസ് ; നടപടി കൃത്യം , വിമർശം ദുഷ്ടലാക്കോടെ


സി കെ ദിനേശ്
Published on Jun 13, 2025, 02:16 AM | 1 min read
തിരുവനന്തപുരം
കേരള തീരത്ത് പുറംകടലിൽ ലൈബീരിയൻ കപ്പൽ മുങ്ങിയ സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും നടത്തുന്ന പ്രചാരണം നിയമവശം മനസിലാക്കാതെയും രാഷ്‌ട്രീയ ദുഷ്ടലാക്കോടെയും. ദുരന്തമുണ്ടായതിന്റെ പിറ്റേന്നുതന്നെ സർക്കാർ നിയമോപദേശം തേടിയിരുന്നു. പരമാവധി നഷ്ടപരിഹാരം നേടാനുള്ള പ്രവർത്തനവും നടത്തി.
ദുരന്തത്തിന്റെ കെടുതി അനുഭവിക്കുന്നവരുടെ പരാതിയിൽ കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചയുടൻ നടപടികളിലേക്ക് കടന്നു. നഷ്ടം സംഭവിക്കുന്നത് മത്സ്യത്തൊഴിലാളികൾക്കും പരിസ്ഥിതിക്കുമാണ്. മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഫോർട്ട്‌കൊച്ചി കോസ്‌റ്റൽ പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കോലാഹലമുണ്ടാക്കുന്ന ഒരു കോൺഗ്രസ് നേതാവും പരാതി നൽകിയില്ല. തങ്ങൾ പറയുമ്പോൾ കേസെടുക്കണമെന്നാണ് ചില മാധ്യമങ്ങളുടെ നിലപാട്. നഷ്ടം കണക്കാക്കാനും പരമാവധി ഇൻഷുറൻസ് ക്ലെയിം നേടാനുമുള്ള നടപടിയാണ് ആദ്യം ചെയ്യുന്നതെന്ന് ദുരന്തമുണ്ടായ ഉടൻ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.
കേരള തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് ദുരന്തം. 12 നോട്ടിക്കൽ മൈലാണ് സംസ്ഥാനത്തിന്റെ പരിധി. നിയമനടപടി സ്വീകരിക്കാനുള്ള പലവിധ പരിമിതികൾ കണക്കാക്കിയാണ് നിയമോപദേശം തേടിയത്. കടൽദുരന്തങ്ങളിൽ അന്തരാഷ്‌ട്ര കരാറുകളും നിയമങ്ങളും ബാധകമാണ്.
എൽസ 3 അപകടം:പൊലീസ് അന്വേഷണം തുടങ്ങി
എംഎസ്‌സി എൽസ 3 ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. രേഖകൾ ശേഖരിക്കുന്നു. അപകടത്തിൽ കൂടുതൽ പരാതികളും പൊലീസിനുമുന്നിലെത്തി. പ്രാഥമികപരിശോധന, മൊഴിയെടുക്കൽ എന്നിവ ഉടൻ പൂർത്തിയാക്കും.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി സി ഷാംജിയുടെ പരാതിയിലാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ മൊഴി എടുത്തിരുന്നു. കപ്പലും -കണ്ടെയ്‌നറുകളും വീണ്ടെടുക്കാനും ഇന്ധനം നീക്കാനുമുള്ള നടപടികൾക്ക് കപ്പൽ കമ്പനി ഉടമകൾ വേഗംകൂട്ടി. ദൗത്യം ഊർജിതമാക്കാൻ 12 മുങ്ങൽവിഗദ്‌ധരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി.









0 comments