എംഎസ്‌സി എൽസ അപകടം ; നഷ്ടപരിഹാരത്തിന് ഉടൻ അഡ്‌മിറാൽറ്റി സ്യൂട്ട് നൽകും

കൊച്ചി
പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനായി സമുദ്ര അവകാശ നിയമപ്രകാരം അഡ്മിറാൽറ്റി സ്യൂട്ട് നൽകാൻ സർക്കാരിന് ഡിവിഷൻബെഞ്ച് നിർദേശം നൽകി. ഹൈക്കോടതിയുടെ അധികാരപരിധി ഉപയോഗിക്കാമെന്നും അറിയിച്ചു. അഡ്മിറാൽറ്റി സ്യൂട്ട് ഉടൻ നൽകുമെന്ന് അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ് കോടതിയെ അറിയിച്ചു.
സർക്കാർ രൂപീകരിക്കുന്ന സമിതി നടത്തുന്ന ചർച്ചയേക്കാൾ ഉചിതമാകുക ഹെെക്കോടതിവഴി പരിഹാരം തേടുന്നതാകുമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സമിതി രൂപീകരിച്ച് നഷ്ടപരിഹാര ചർച്ചകൾ നടത്തുന്നുണ്ടെന്ന് എജി അറിയിച്ചപ്പോഴാണ് കോടതിവഴി സ്യൂട്ട് നൽകാൻ നിർദേശിച്ചത്. വിഷയം കോടതി വിശദമായി പരിഗണിക്കുംവരെ പ്രത്യേക സമിതിയുടെ ചർച്ചകൾ നീട്ടിവയ്ക്കണം.
നഷ്ടപരിഹാരത്തുക കോടതിയെ അറിയിക്കണം. സമുദ്ര അവകാശ നിയമപ്രകാരം കപ്പലിനെതിരെ ഏത് ചോദ്യവും പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കുണ്ട്.
മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തിനും പരിസ്ഥിതിക്കുമുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം കാണാനാണ് 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം സർക്കാർ സമിതി രൂപീകരിച്ചത്. ആഘാതം വിലയിരുത്തൽ ഓഫീസറായി പരിസ്ഥിതി സ്പെഷ്യൽ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ട്. ഇടക്കാല നഷ്ടപരിഹാരത്തിനായി ഷിപ്പിങ് ഡയറക്ടർ ജനറലിന് കത്തയച്ചിട്ടുണ്ടെന്നും എജി അറിയിച്ചു.
കോടതിയുടെ നിയമാധികാരമടക്കം ഒട്ടേറെ കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. ‘‘നിലവിൽ കപ്പൽ അപകടത്തിൽ യുഎസിനാണ് നിയമാധികാരമെന്ന് പറയുന്നു. അങ്ങനെയാണെങ്കിൽ കമ്പനി സർക്കാരുമായി ഉണ്ടാക്കിയ കരാർ, പാലിക്കുമോ?. കോടതിവഴിയുള്ള നടപടികളാകും കൂടുതൽ സുതാര്യമാകുക’’–- ഡിവിഷൻ ബെഞ്ച് പറഞ്ഞു.
കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ അടക്കമുള്ളവർ നൽകിയ പൊതുതാൽപ്പര്യ ഹർജികളാണ് കോടതി പരിഗണിച്ചത്. ഹർജികൾ ജൂലൈ രണ്ടിന് വീണ്ടും പരിഗണിക്കും.









0 comments