എംഎസ്‌സി എൽസ അപകടം: ക്യാപ്‌റ്റന്റെയടക്കം പാസ്‌പോർട്ട് പിടിച്ചെടുത്തു

മട്ടാഞ്ചേരി: പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസയുടെ ക്യാപ്‌റ്റൻ ഉൾപ്പെടെയുള്ളവരുടെ പാസ്‌പോർട്ട് ഫോർട്ട്‌കൊച്ചി കോസ്‌റ്റൽ പൊലീസ് കസറ്റഡിയിലെടുത്തു. കൊച്ചിയിൽ കഴിയുന്ന കപ്പലിന്റെ ക്യാപ്‌റ്റനു പുറമെ, ചീഫ് എൻജിനിയർ, മറ്റു ജീവനക്കാർ എന്നിവരുടെ പാസ്‌പോർട്ടും കോടതിക്ക് കൈമാറി. കോടതി നടപടിക്ക് അനുസൃതമായേ ഇവർക്ക് ഇനി ഇന്ത്യവിടാൻ കഴിയൂ.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കപ്പൽ ജീവനക്കാരിൽ ചിലർ കോവിഡ് ബാധിതരാണ്. ഇതുമൂലം ഇവരുടെ മൊഴിയെടുക്കാനായിട്ടില്ല. കപ്പൽ കമ്പനി ഉടമകളിൽനിന്നുൾപ്പെടെ പൊലീസ് ചില രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. തീരത്തടിഞ്ഞ കണ്ടെയ്‌നറുകളുടെ വിവരശേഖരണവും പുരോഗമിക്കുന്നു. കപ്പലിലെ സുപ്രധാന രേഖയായ വിഡിആർ ഇതുവരെ കണ്ടെത്താനായിട്ടില്ല. കപ്പലിലെ ഇന്ധനം നീക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്.
പുറംകടലിൽ തീപിടിച്ച വാൻഹായ് 503 കപ്പലിലെ ജീവനക്കാരുടെ പാസ്‌പോർട്ട് കസ്‌റ്റഡിയിൽ എടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നും കോസ്‌റ്റൽ പൊലീസ് പറഞ്ഞു.









0 comments