കപ്പലിലുണ്ടായിരുന്നത്‌ 643 കണ്ടെയ്‌നർ

msc elsa
avatar
പി ആർ ദീപ്തി

Published on May 28, 2025, 01:32 AM | 2 min read


കൊല്ലം

ചരക്കുകപ്പലിനൊപ്പം കടലിൽ മുങ്ങിക്കിടക്കുന്ന നിരവധി കണ്ടെയ്‌നറുകൾ പൊങ്ങിവരാൻ സാധ്യതയുണ്ടെന്ന്‌ കപ്പൽ കമ്പനിയായ എംഎസ്‌സി (മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനി) അധികൃതർ. ലൈബീരിയൻ കപ്പലിൽ ആകെ 643 കണ്ടെയ്‌നറുകളാണ്‌ ഉണ്ടായിരുന്നത്‌. അതിൽ 72എണ്ണം ശൂന്യമായിരുന്നു. ചൊവ്വാഴ്‌ചയോടെ 46 കണ്ടെയ്‌നർ കരയ്‌ക്കടിഞ്ഞു.


കപ്പലിന്റെ അവശിഷ്ടം 60 മീറ്റർ ആഴത്തിൽ പൂർണമായും മുങ്ങിയ സ്ഥിതിയിലാണ്‌. കപ്പലിനൊപ്പം മുങ്ങിക്കിടക്കുന്ന നിരവധി കണ്ടെയ്നറുകൾ വീണ്ടും ഉയർന്നുവന്നേക്കാമെന്നും അത് നാവിഗേഷനും കടൽ പരിസ്ഥിതിക്കും പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്നും കമ്പനി അധികൃതർ പറയുന്നു. അതിനാൽ കടൽഭാഗം സർവേ നടത്തണം. മുങ്ങൽ വിദഗ്‌ധരുടെ സഹായത്തോടെയും റിമോട്ട്‌ ഓപ്പറേറ്റഡ്‌ വെസ്സൽ ഉപയോഗിച്ചും പരിശോധന നടത്തി മേഖല അപകടരഹിതമാക്കണം. കപ്പലിന്റെ അറകളിലുള്ള ഇന്ധനം സുരക്ഷിതമായി പമ്പ്ചെയ്‌ത്‌ ബർജുകളിലേക്ക്‌ മാറ്റി മലീനികരണ തോത് കുറയ്‌ക്കാനുള്ള ശ്രമം തുടരുമെന്നും കമ്പനി അധികൃതർ പറഞ്ഞു.


13 കണ്ടെയ്‌നറിലാണ്‌ ഹാനികരമായ രാസവസ്‌തുക്കളുള്ളത്‌. കാത്സ്യം കാർബൈഡ്‌, 6 പിപിഡി രാസവസ്‌തുക്കളാണ്‌ ഉള്ളത്‌. 6 പിപിഡി റബർ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നതിനാണ്‌ ഉപയോഗിക്കുന്നത്‌. കാത്സ്യം കാർബൈഡ്‌ ജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ തീപിടിക്കാൻ സാധ്യതയുണ്ട്‌. അസറ്റ്‌ലിൻ വാതകവും പുറപ്പെടുവിക്കും. അതിനാൽ ഈർപ്പരഹിത കണ്ടെയ്‌നറുകളിൽ വളരെ ജാഗ്രതയോടെയാണ്‌ കാത്സ്യം കാർബൈഡ്‌ പായ്‌ക്ക്‌ ചെയ്യുന്നത്‌. അതിനാൽ ഇവ ചോരില്ലെന്നാണ്‌ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ കരയ്‌ക്കടിഞ്ഞ കണ്ടെയ്‌നറുകളിൽ തേയില, ചൈനീസ്‌ ടീ ബാഗ്‌, പേപ്പർ, പരുത്തി തുടങ്ങിയവയാണ്‌ ഉണ്ടായിരുന്നത്‌.


കണ്ടെയ്‌നറുകൾ 
മുറിച്ചുമാറ്റാൻ 
കസ്റ്റംസ്‌ അനുമതി

തീരത്ത്‌ അടിഞ്ഞ കണ്ടെയ്‌നറുകൾ മുറിച്ചുമാറ്റാനുള്ള സാൽവേജ്‌ ഓപ്പറേഷൻ തുടങ്ങി. ഇതുസംബന്ധിച്ച്‌ ടി ആൻഡ്‌ ടി സാൽവേജ് ടീമിന്‌ കസ്റ്റംസ്‌ ചൊവ്വ വൈകിട്ട്‌ അനുമതി നൽകി. വാട്ടർലൈൻ ഷിപ്പിങ് ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനി ടീമും സഹായത്തിനുണ്ടാകും. ശക്തികുളങ്ങരയിൽ കരയിൽ കയറ്റിയ കണ്ടെയ്‌നറുകൾ ഗ്യാസ്‌ കട്ടർ ഉപയോഗിച്ച്‌ മുറിക്കുന്ന ജോലി ബുധൻ രാവിലെ ആരംഭിക്കും. ശക്തികുളങ്ങരയിൽ ഒന്നിച്ചു കരയ്‌ക്കടിഞ്ഞ മൂന്ന്‌ കണ്ടെയ്‌നർ ഗ്യാസ്‌ കട്ടർ ഉപയോഗിച്ച്‌ വേർപെടുത്തി ക്രെയിൻ ഉപയോഗിച്ചാണ്‌ കരയിലേക്കു കയറ്റിയത്‌. വടക്ക്‌ ചെറിയഴീക്കൽ മുതൽ തെക്ക്‌ കൊല്ലം ബീച്ചിന്‌ സമീപം വെടിക്കുന്ന്‌ ഭാഗംവരെ വിവിധ സ്ഥലങ്ങളിലായി കരയ്‌ക്കടിഞ്ഞ കണ്ടെയ്‌നറുകൾ പൂർണമായും കരഭാഗത്ത്‌ കയറ്റി മുറിച്ചു മാറ്റാൻ സമയമെടുക്കും. ടി ആൻഡ്‌ ടി സാൽവേജ് ടീമും വാട്ടർലൈൻ ഷിപ്പിങ് ആൻഡ്‌ ലോജിസ്റ്റിക്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയും ചേർന്നാണ്‌ കണ്ടെയ്‌നറുകൾ കരയിലേക്ക്‌ മാറ്റുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home