മുങ്ങിയ കപ്പലിൽനിന്ന് മലിനീകരണഭീഷണി ഇല്ലെന്ന് കമ്പനി ; ഹെെക്കോടതിയിൽ സത്യവാങ്‌മൂലം

കൊച്ചി
കേരളതീരത്തിനുസമീപം പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ -3 കപ്പലിൽനിന്ന് മലിനീകരണമോ പരിസ്ഥിതിക്ക് ഭീഷണിയോ ഇല്ലെന്ന് കപ്പൽ കമ്പനി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ വിശദീകരണം. മലിനീകരണം ലഘൂകരിക്കാൻ മറ്റ് സ്ഥാപനങ്ങളുമായി യോജിച്ച് പ്രവർത്തിക്കുകയാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും (പിസിബി) കോടതിയെ അറിയിച്ചു. കപ്പലപകടങ്ങളുമായി ബന്ധപ്പെട്ടുള്ള പൊതുതാൽപ്പര്യഹർജികളിലാണ് വിശദീകരണം.
കപ്പലിൽ 13 കണ്ടെയ്നറുകളിലാണ് ഹാനികരമായ വസ്തുക്കൾ ഉണ്ടായിരുന്നതെന്ന് എംഎസ്‌സി അറ്റോർണി ജേക്കബ് ജോർജ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇവ കപ്പലിനൊപ്പം മുങ്ങി. 643 കണ്ടെയ്‌നറുകളിൽ 65 എണ്ണമാണ് കണ്ടെടുക്കാനായത്. കടലിൽ കലർന്ന എണ്ണപ്പാട നീക്കുന്നതടക്കം ശുചീകരണം വേഗത്തിലാക്കിയിട്ടുണ്ടെന്നും മുങ്ങിയ കപ്പലിൽ മൺസൂണിനുശേഷം ശുചീകരണം നടത്തുമെന്നും കമ്പനി അറിയിച്ചു.
കോസ്റ്റ് ഗാർഡ്, ദുരന്തനിവാരണ അതോറിറ്റി എന്നിവയുമായി ഏകോപിച്ച് പ്രവർത്തനങ്ങൾ തുടരുകയാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചു. കോവളംമുതൽ കൊല്ലംവരെയുള്ള തീരത്തുനിന്ന് 32,922 കിലോ പ്ലാസ്റ്റിക് നർഡിൽസ് ശേഖരിച്ചു. അഴീക്കോട് തുറമുഖത്തിനടുത്ത് വാൻഹായ് കപ്പലിന് തീപിടിച്ച സംഭവത്തിൽ കേരളതീരത്ത് വായുമലിനീകരണം ഉണ്ടായിട്ടില്ലെന്നും അറിയിച്ചു. ഹർജികൾ ബുധനാഴ്ച ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
പരിസ്ഥിതി ആഘാതങ്ങൾക്ക് നഷ്ടപരിഹാരം 1140 കോടി കെട്ടിവയ്ക്കണമെന്ന് ഹർജി
എംഎസ്‌സി എൽസ -3 കപ്പൽ കേരളതീരത്ത് മുങ്ങിയതുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി ആഘാതങ്ങൾ കണക്കിലെടുത്ത് 134 ദശലക്ഷം ഡോളർ (ഏകദേശം 1140 കോടി രൂപ) കെട്ടിവയ്ക്കാൻ കപ്പൽ കമ്പനിയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിൽനഷ്ടമടക്കം ചൂണ്ടിക്കാട്ടിയാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് ചാൾസ് ജോർജിന്റെ ഹർജി. ചീഫ് ജസ്റ്റിസ് നിതിൻ എം ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, സമാന ഹർജികൾക്കൊപ്പം വിഷയം ബുധനാഴ്ച പരിഗണിക്കും.
മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ എന്തായിരുന്നുവെന്ന് ഇപ്പോഴും പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. കടലിൽ പടർന്ന എണ്ണ നീക്കുന്നതിൽ കാലതാമസമുണ്ടായത് ജൈവവൈവിധ്യത്തെ ദീർഘനാൾ ബാധിക്കും. അതിനാൽ ഇടക്കാല എൻവയോൺമെന്റ് സെക്യൂരിറ്റി ഡെപ്പോസിറ്റായി 134 ദശലക്ഷം ഡോളർ കോടതിയിൽ കെട്ടിവയ്ക്കാൻ നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കപ്പലപകടങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉറപ്പാക്കുന്ന സംവിധാനം ഒരുക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.









0 comments