എംഎസ്‌സി എൽസ 3 കപ്പൽ അപകടം

ബാധകം കേന്ദ്രനിയമം; നഷ്ടപരിഹാരത്തിന്‌ ക്രിമിനൽ കേസ്‌ വേണ്ട

ship accident.png
avatar
ഒ വി സുരേഷ്‌

Published on Jun 10, 2025, 01:23 AM | 1 min read

തിരുവനന്തപുരം : അന്താരാഷ്‌ട്ര കപ്പൽച്ചാലിലൂടെ പോകുന്ന കപ്പൽ അപകടത്തിൽ പെട്ടാൽ പാർലമെന്റ്‌ പാസ്സാക്കിയ മർച്ചന്റ്‌സ്‌ ഷിപ്പിങ്‌ ആക്ട്‌ പ്രകാരം നടപടിയെടുക്കേണ്ടത്‌ കേന്ദ്ര ഷിപ്പിങ്‌ മന്ത്രാലയം. കപ്പലിനെതിരെ ക്രിമിനൽ കേസെടുക്കണമെങ്കിൽ ക്രിമിനൽ കുറ്റംചെയ്‌തിരിക്കണം. കേരളാ തീരത്തുനിന്ന്‌ 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പലിനെതിരെ അത്തരം ആക്ഷേപമില്ല.


പരിസ്ഥിതി നാശത്തിനുള്ള നഷ്ടപരിഹാരത്തിന്‌ ക്രിമിനൽ കേസ്‌ ആവശ്യമില്ല. 2012 ഫെബ്രുവരി 15ന്റെ കടൽക്കൊല കേസിൽ ക്രിമിനൽ നിയമപ്രകാരമായിരുന്നു കേസ്‌. മെയ്‌ 24ന്‌ ഉണ്ടായ എംഎസ്‌സി എൽസ എന്ന കപ്പലിന്റെ അപകടത്തിൽ ക്രിമിനൽ കുറ്റമുണ്ടായിട്ടില്ലെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. പരിസ്ഥിതിക്കുണ്ടാകുന്ന നാശമാണ്‌ കേരളത്തിന്‌ പ്രധാനം. കാൽസ്യം കാർബൈഡ്‌ അടങ്ങിയ കണ്ടെയ്‌നറുകൾ 51 മീറ്ററിലേറെ ആഴത്തിലാണുള്ളത്‌. ഇരുമ്പു കണ്ടെയ്‌നറിനുള്ളിൽ 200 കിലോഗ്രാമുള്ള ഡ്രമ്മുകളിലാണ്‌ ഇവ. അതിനാൽ പുറത്തെത്തി തീപിടിക്കാനുള്ള സാഹചര്യമില്ല.


വെള്ളത്തിൽ ലയിക്കാനും സാധ്യത കുറവാണ്‌. തീരത്തടിഞ്ഞ, കണ്ടെയ്‌നറുകളിൽനിന്നുള്ള വസ്‌തുക്കൾ നീക്കുന്ന പ്രവർത്തനം സംസ്ഥാനം നിർവഹിക്കുന്നുണ്ട്‌. കേരളതീരത്തെ പരിസ്ഥിതിക്കുണ്ടായ നാശം കണക്കാക്കി നഷ്ടപരിഹാരം തേടാനുളള നടപടികളിലുമാണ്‌. അതിന്‌ ക്രിമിനൽ കേസ്‌ രജിസ്‌റ്റർചെയ്യാതെതന്നെ നഷ്‌ടം ഈടാക്കാനാകും. അപകടമുണ്ടായാൽ, കപ്പലുടമകളുടെ കൂട്ടായ്‌മയുടെ പി ആൻഡ്‌ ഐ ഇൻഷുറൻസ്‌ (പ്രൊട്ടക്‌ഷൻ ഓഫ്‌ ഇൻഡെംനിറ്റി) പ്രകാരമാണ്‌ നഷ്ടപരിഹാരം നൽകുക.


കപ്പൽ പൂർണമായും നശിച്ചാൽ അതിന്‌ ഹൾ ആൻഡ്‌ മെഷിനറി ഇൻഷുറൻസുമുണ്ട്‌. കടലും കപ്പലും കേന്ദ്രസർക്കാരിനു കീഴിലാണെന്നിരിക്കെ സംസ്ഥാനത്തിനെതിരായ വിമർശം ദുരുദ്ദേശ്യപരമാണ്‌. വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ്‌ യുഡിഎഫ്‌ പത്രമായ മനോരമയുടെ ശ്രമം. ക്രിമിനൽ കേസെടുക്കാതെ, കപ്പൽ കമ്പനിക്ക്‌ സർക്കാർ തുണ എന്ന വാർത്തയിലൂടെ യുഡിഎഫിന്‌ പ്രസ്‌താവനയിറക്കാനുള്ള കുറിപ്പുനൽകുകയാണ്‌ ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home