കാലാവസ്ഥ നിർണായകം, എൽസ ദൗത്യം നാളെ ആരംഭിച്ചേക്കും

കൊച്ചി
കേരളതീരത്തെ പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3ലെ ഇന്ധനനീക്കത്തിന് പ്രാരംഭ പ്രവൃത്തികൾ വ്യാഴാഴ്ച ആരംഭിച്ചേക്കുമെന്ന് സൂചന. കപ്പൽ മുങ്ങി രണ്ടര മാസത്തിനുശേഷമാണ് ദൗത്യം ആരംഭിക്കുന്നത്.
ഇന്ധന നീക്കം ആഗസ്ത് ഒന്നിന് ആരംഭിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് കപ്പൽ ഉടമകളോട് നിർദേശിച്ചിരുന്നു. എന്നാൽ, കടൽ പ്രക്ഷുബ്ധമായതിനാൽ മുങ്ങൽവിദഗ്ധർ അടങ്ങുന്ന സാൽവേജ് സംഘത്തിന് സംഭവസ്ഥലത്ത് എത്താനായിട്ടില്ല. മെയ് 25നാണ് കപ്പൽ മുങ്ങിയത്. 450 ടൺ ഇന്ധനമാണ് കപ്പലിന്റെ ടാങ്കുകളിലുള്ളത്. മുങ്ങിയ സ്ഥലത്ത് എണ്ണപ്പാട കണ്ടെത്താൻ കനറ മേഘ കപ്പൽ 24 മണിക്കൂർ നിരീക്ഷണം നടത്തുന്നുണ്ട്.
സതേൺ നോവ എന്ന ലൈബീരിയൻ കപ്പലിന്റെയും കനറ മേഘയുടെയും സഹായത്തോടെയായിരിക്കും ഇന്ധന നീക്കം. സതേൺ നോവ നിലവിൽ കൊല്ലം തുറമുഖത്തിനുസമീപം പുറങ്കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ബുധനാഴ്ച കൊല്ലം തുറമുഖത്തെത്തും. തുടർന്ന് വ്യാഴാഴ്ചയോടെ കപ്പൽ മുങ്ങിയ സ്ഥലത്ത് എത്തി ഇന്ധന നീക്കം ആരംഭിക്കുമെന്നും സൂചനയുണ്ട്.
കപ്പലിന്റെ ടാങ്കുകളിൽനിന്ന് ഇന്ധനം നീക്കിയശേഷം കണ്ടെയ്നറുകൾ നീക്കും. മുംബൈ ആസ്ഥാനമായ മെർക്ക് എന്ന സാൽവേജ് ഓപ്പറേഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം പുനരാരംഭിക്കുന്നത്. ടാങ്കിൽ ചോർച്ച വരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിച്ച് ഇവയിൽ അനുബന്ധ ഉപകരണങ്ങൾ ഘടിപ്പിച്ചാണ് ഇന്ധനം പൈപ്പ് വഴി മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റുക. ഇൗ പ്രവൃത്തിമാത്രം ഒരാഴ്ച നീളും.









0 comments