എൽസ 3 കപ്പൽ അപകടം: ഇടക്കാല നഷ്ടപരിഹാരത്തിനുള്ള റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: ചരക്കുകപ്പൽ എംഎസ്‌സി എൽസ 3 കേരളതീരത്തിനുസമീപം മുങ്ങിയതിനെതുടർന്നുള്ള പാരിസ്ഥിതിക, സാമൂഹിക- സാമ്പത്തികാഘാതം സംബന്ധിച്ച് പഠിച്ച സമിതിയുടെ ഇടക്കാല നഷ്ടപരിഹാരത്തിനുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് കപ്പൽ കമ്പനിയുമായി ചർച്ച നടത്താൻ നിയോഗിച്ച കമ്മിറ്റിയും അംഗീകരിച്ചു. മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടവും സർക്കാരിനുണ്ടായ ചെലവുമാണ് ഇടക്കാല റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ളത്. ഇത് സർക്കാർ അംഗീകരിച്ചാൽ കമ്പനിയുമായി ചർച്ചയുണ്ടാകും.
കപ്പൽ അപകടം സംബന്ധിച്ച് നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കാനും ഷിപ്പിങ് കമ്പനിയുമായി ചർച്ച നടത്താനും ഏഴംഗ സമിതിയെയാണ് രൂപീകരിച്ചിരുന്നത്. ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് അധ്യക്ഷനും ദുരന്തനിവാരണ അതോറിട്ടി മെമ്പർ സെക്രട്ടറി കൺവീനറുമാണ്. തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം, പാരിസ്ഥിതിക ആഘാതം എന്നിവ സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ചുള്ള യഥാർഥ കണക്ക് വിശദമായ പഠനങ്ങൾക്കുശേഷമാണ് സമർപ്പിക്കുക. ഇതിൽ എത്രകോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും കണക്കാക്കും. അതനുസരിച്ചായിരിക്കും ചർച്ച.
കെട്ടിവച്ചത് 5.97 കോടി; നഷ്ടപരിഹാരത്തുക സ്ഥിരം നിക്ഷേപമാക്കും
കൊച്ചിതീരത്ത് പുറംകടലിൽ മുങ്ങിയ ‘എംഎസ്‌സി എൽസ- 3’ കപ്പലിന്റെ ഉടമസ്ഥരായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി ഹൈക്കോടതിയിൽ കെട്ടിവച്ച 5.97 കോടി രൂപ രജിസ്ട്രാറുടെ പേരിൽ സ്ഥിരം നിക്ഷേപമാക്കാൻ ജസ്റ്റിസ് എം എ അബ്ദുൾ ഹക്കീം നിർദേശിച്ചു. കമ്പനിയുടെ മറ്റൊരു കപ്പലായ ‘എംഎസ്‌സി മാനസ എഫ്’ പിടിച്ചുവച്ചപ്പോൾ വിട്ടുകിട്ടാനാണ് 5.97 കോടി രൂപ നഷ്ടപരിഹാരത്തുകയായി കമ്പനി കെട്ടിവച്ചത്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഞ്ച് വ്യാപാരികൾ കഴിഞ്ഞദിവസം നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കോടതി കപ്പൽ പിടിച്ചുവയ്‌ക്കാൻ നിർദേശിച്ചത്. തുടർന്ന് 5.97 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്‌റ്റാണ് കോടതി രജിസ്ട്രാറുടെ പേരിൽ കമ്പനി ഹാജരാക്കുകയായിരുന്നു. ഈ തുകയാണ് സ്ഥിരനിക്ഷേപമാക്കിമാറ്റാൻ കോടതി അനുമതി നൽകിയത്.
പ്രതികൂല കാലാവസ്ഥ; ഇന്ധനം വീണ്ടെടുക്കൽ നീളും
കൊച്ചി തീരത്തിനുസമീപം പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലിലെ ഇന്ധനം നീക്കൽ നീളും. ദൗത്യം ജൂലൈ മൂന്നിന് പൂർത്തിയാകില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇന്ധനം നീക്കാൻ 26 ദിവസംകൂടി വേണമെന്ന് കരാർ കമ്പനി, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിനെ അറിയിച്ചു. ഇതിനുള്ള പ്രത്യേക കർമപദ്ധതിയും ഇതോടൊപ്പം നൽകി. 48 മണിക്കൂറിനുള്ളിൽ എണ്ണ വീണ്ടെടുക്കണമെന്നാണ് കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, കരാർ കമ്പനിയായ ടി ആൻഡ് ടി സാൽവേജിന് നൽകിയ കർശന നിർദേശം.
ശക്തമായ കാറ്റും മഴയും തിരമാലകളും ഇന്ധനം നീക്കൽ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്‌ടിക്കുന്നുണ്ട്. ചൊവ്വാഴ്‌ചയും മോശം കാലാവസ്ഥയാണ് പ്രവചിച്ചിട്ടുള്ളത്. മുങ്ങൽവിദഗ്‌ധർ കഴിഞ്ഞദിവസം കപ്പലിന്റെ എണ്ണച്ചോർച്ച പൂർണമായും അടച്ചിരുന്നു. കാലവർഷം ശക്തിപ്രാപിക്കുന്ന ഘട്ടത്തിൽ അടിത്തട്ടിലെ ടാങ്കിൽ എണ്ണകിടക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തൽ. അപകടകാരണം കണ്ടെത്താനുള്ള വിഡിആർ (വോയേജ് ഡാറ്റ റെക്കോഡർ) വീണ്ടെടുക്കാനുള്ള ശ്രമം ഫലംകണ്ടിട്ടില്ല. കടലിൽ പതിച്ച 61 കണ്ടെയ്‌നർ കരയിലെത്തിച്ചു. നാലെണ്ണം ഉടൻ എത്തിക്കും.









0 comments