എംഎസ്‌സി എൽസ 3 കപ്പലപകടം: എംഎസ്‌സി മക്കറ്റോ 2 കപ്പൽ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

എംഎസ്‌സി എൽസ 3
സ്വന്തം ലേഖിക
Published on Aug 15, 2025, 08:13 AM | 1 min read
കൊച്ചി : കേരളതീരത്ത് എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങി മീൻപിടിത്തം തടസ്സപ്പെടുകയും ബോട്ടുകൾക്ക് തകരാറ് ഉണ്ടാവുകയും ചെയ്‌തതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ട് ഉടമകൾ നൽകിയ ഹർജിയിൽ ഇതേ കമ്പനിയുടെ കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. നിലവിൽ വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്-സി കമ്പനിയുടെ മക്കറ്റോ 2 എന്ന കപ്പൽ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. 2.79 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏഴ് ബോട്ട് ഉടമകൾ നൽകിയ അഡ്മിറാൽറ്റി സ്യൂട്ടിൽ ജസ്റ്റിസ് എസ് ഈശ്വരനാണ് ഉത്തരവിട്ടത്. ഹർജിക്കാർ ആവശ്യപ്പെടുന്ന തുക കോടതിയിൽ കെട്ടിവച്ചാൽ കപ്പൽ വിട്ടയക്കണമെന്നും നിർദേശിച്ചു.
കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്‌നറുകളും മീൻ പിടിക്കുന്നതിന് തടസ്സമായെന്നും വലകൾ നശിച്ചെന്നും ഹർജിയിൽ പറയുന്നു. മെയ് 25നാണ് എംഎസ്-സി എൽസ 3 കപ്പൽ മുങ്ങിയത്. നഷ്ടപരിഹാരം തേടി കഴിഞ്ഞദിവസം നാല് ബോട്ട് ഉടമകൾ നൽകിയ ഹർജിയിൽ എംഎസ്-സി കമ്പനിയുടെ പലേർമോ കപ്പൽ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. 2.60 കോടിയാണ് ആവശ്യപ്പെട്ടിരുന്നത്.
എംഎസ്-സി എൽസ 3 കപ്പൽ മുങ്ങി ചരക്കുനഷ്ടം സംഭവിച്ച കശുവണ്ടി കമ്പനി ഉടമകൾ നൽകിയ ഹർജിയിൽ ഇതേ കമ്പനിയുടെ അകിറ്റെറ്റ 2 എന്ന കപ്പൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നഷ്ടപരിഹാരത്തുക കെട്ടിവച്ച് മോചിപ്പിച്ചു. കപ്പൽ മുങ്ങിയതിൽ പാരിസ്ഥിതികനാശമടക്കം ചൂണ്ടിക്കാട്ടി 9531 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും അഡ്മിറാൽറ്റി സ്യൂട്ട് നൽകിയിട്ടുണ്ട്.









0 comments