എൽസ കപ്പൽ മുങ്ങിയ സ്ഥലത്ത് വീണ്ടും കണ്ടെയ്നർ

കൊച്ചി
ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3 മുങ്ങിയ സ്ഥലത്ത് വീണ്ടും ഒരു കണ്ടെയ്നർ പൊങ്ങി. വ്യാഴാഴ്ച വൈകിട്ട് കായംകുളത്തിനുസമീപമാണ് കടലിൽ കണ്ടെയ്നർ കണ്ടെത്തിയത്. അടിഭാഗം തുറന്ന നിലയിലാണെന്നും കണ്ടെയ്നർ കാലിയാണെന്നും മുങ്ങൽവിദഗ്ധർ നടത്തിയ പരിശോധനയിൽ വ്യക്തമായി.
കപ്പൽ മുങ്ങിയ സ്ഥലത്ത് നിരീക്ഷണം നടത്തുന്ന കനറ മേഘ കപ്പലിന്റെ സഹായത്തോടെ കണ്ടെയ്നർ കൊല്ലം തുറമുഖത്തെത്തിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവരങ്ങൾ ശേഖരിച്ചു. കണ്ടെയ്നറിനുള്ളിൽ നിറച്ചിരുന്നത് "മോപ്ലെൻ' ബ്രാൻഡിൽ അറിയപ്പെടുന്ന പോളി പ്രൊപ്പിലീൻ എന്ന രാസവസ്തുവാണെന്ന് കാർഗോ ലിസ്റ്റ് പരിശോധിച്ചതിൽനിന്ന് കണ്ടെത്തി. അതേസമയം, കപ്പലിലെ ഇന്ധനം നീക്കുന്നതിനുള്ള പ്രാരംഭപ്രവൃത്തികൾ ആരംഭിക്കാനായിട്ടില്ല. 60 പേരടങ്ങുന്ന വിദഗ്ധസംഘം ഇതിനായി തയ്യാറായി കൊല്ലം തുറമുഖത്തുണ്ട്.
സതേൺ നോവ എന്ന ലൈബീരിയൻ കപ്പൽ, ഓഫ്ഷോർ മൊണാർക്ക്, കനറ മേഘ എന്നീ കപ്പലുകളുടെ സഹായത്തോടെയായിരിക്കും പ്രവൃത്തികൾ. ഇന്ധനം നീക്കൽ ഒന്നിന് ആരംഭിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് കപ്പൽ ഉടമകളോട് നിർദേശിച്ചിരുന്നു. എന്നാൽ, കടൽ പ്രക്ഷുബ്ധമായതിനാൽ മുങ്ങൽവിദഗ്ധർ അടങ്ങുന്ന സാൽവേജ് സംഘത്തിന് സംഭവസ്ഥലത്ത് എത്താനായിട്ടില്ല. മെയ് 25നാണ് കപ്പൽ മുങ്ങിയത്. 450 ടൺ ഇന്ധനമാണ് ടാങ്കുകളിലുള്ളത്.









0 comments