40 ലക്ഷം മുക്കിയത് സംസ്ഥാന നേതാവ് : എം എസ് കുമാർ

തിരുവനന്തപുരം:
ബിജെപി നേതാവ് എം എസ് കുമാർ പ്രസിഡന്റായിരുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിൽനിന്ന് സംസ്ഥാന, ജില്ലാ നേതാക്കൾ മാത്രം വായ്‌പയെടുത്ത് മുക്കിയത് ഒരു കോടി രൂപ.
തിരുവനന്തപുരം നഗരവാസിയായ സംസ്ഥാന നേതാവ് 40 ലക്ഷം രൂപയാണ് വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ ബാധ്യതയാക്കിയത്. മറ്റൊരു നേതാവ് 35 ലക്ഷവും. ക്രൈസ്‌തവ സഭയുമായി ‘ലിങ്ക്’ ഉണ്ടാക്കാൻ ബിജെപി വളർത്തിയ നേതാവും ലക്ഷങ്ങൾ അടയ്‌ക്കാനുണ്ട്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അടക്കം ആരും പ്രശ്നപരിഹാരത്തിന് ഇടപെടാത്ത സാഹചര്യത്തിൽ വായ്‌പയെടുത്തവരുടെ പേരുവിവരങ്ങൾ അടുത്തദിവസം പുറത്തുവിട്ടേക്കും.
ബിജെപി മുൻവക്താവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായിരുന്ന എം എസ് കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ കടുത്ത പ്രതിസന്ധിയിൽനിന്ന് കരകയറാനാകാതെ കുഴയുന്പോഴും പണം തിരിച്ചടപ്പിക്കാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നില്ല. കോർപറേഷനിലേക്കും നിയമസഭയിലേക്കും മത്സരിക്കാൻ കച്ചകെട്ടിയിറങ്ങിയ നേതാക്കളാണ് പണം തട്ടിയത്.
സംഘം കടുത്ത പ്രതിസന്ധിയിലായതോടെയാണ് എം എസ് കുമാർ ഫേസ്‌ബുക് കുറിപ്പിലൂടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ കബളിപ്പിച്ചവരിൽ 90 ശതമാനവും ബിജെപി നേതാക്കളാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകാൻ പോകുന്നത് ബിജെപി നേതാവും കൗൺസിലറുമായ തിരുമല അനിലിന്റെ ആത്മഹത്യയാണെന്നുമായിരുന്നും കുറിപ്പിൽ പറഞ്ഞിരുന്നു.
ബിജെപി നേതാക്കൾ വായ്‌പ തിരിച്ചടയ്‌ക്കാത്തതിനാൽ കടക്കെണിയിൽപ്പെട്ടാണ് തിരുവനന്തപുരം ജില്ലാ ഫാം ടൂർ സഹകരണ സംഘം പ്രസിഡന്റ് കൂടിയായ അനിൽ ആത്മഹത്യ ചെയ്‌തത്. സമാന സാഹചര്യത്തിലാണ് താനുമെന്ന് എം എസ് കുമാറും പറയുന്നു.
തിരുമല അനിൽ ആത്മഹത്യ ചെയ്യുംമുൻപ് രാജീവ് ചന്ദ്രശേഖറിനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. എന്നാൽ, പണം തിരിച്ചടപ്പിക്കാൻ രാജീവ് ഇടപെട്ടില്ല.









0 comments