ട്രൈബൽ മന്ത്രി ഉന്നതകുലജാതനാകണം: സുരേഷ് ഗോപിയുടെ പരാമർശം ഭരണഘടനാ ലംഘനം- കെ രാധാകൃഷ്ണൻ

ന്യൂഡൽഹി : ട്രൈബൽ വിഭാഗത്തിന്റെ മന്ത്രി ഉന്നതകുല ജാതനാകണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശം ഭരണഘടനാ ലംഘനമാണെന്ന് കെ രാധാകൃഷ്ണൻ എംപി. ഭരണഘടന തൊട്ട് സത്യം ചെയ്തിട്ടാണ് സുരേഷ് ഗോപി അധികാരത്തിലിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന എല്ലാ മനുഷ്യർക്കും തുല്യതയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനെതിരായാണ് സുരേഷ് ഗോപിയുടെ പരാമർശമെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തിരിക്കുന്ന വ്യക്തിയെപ്പോലും അപമാനിക്കുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ വാക്കുകൾ. അദ്ദേഹം പറഞ്ഞത് തെറ്റാണ്. ആരാണ് ഉന്നതകുലജാതൻ എന്ന് സുരേഷ് ഗോപിയാണോ നിശ്ചയിക്കുന്നത്. എപ്പോഴും ഇങ്ങനെ സംസാരിക്കുന്നതാണ് സുരേഷ് ഗോപിയുടെ രീതി.
കേരളത്തിന് അർഹതപ്പെട്ടത് വേണമെന്ന് പറയുമ്പോൾ അതിനൊപ്പം നിൽക്കാതെ കേരളത്തെ തകർക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്. ഉന്നതകുലജാതൻ എന്ന് കരുതുന്ന സുരേഷ് ഗോപിയുടെ മനസിൽ നിന്ന് വരുന്ന കമന്റാണ് കേരളത്തിനെതിരെയുള്ളത്. കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ എല്ലാ മേഖലകളിലും കേരളം മുന്നേറി എന്ന് പറയുന്നുണ്ട്. അങ്ങനെയുള്ള കേരളത്തെ എങ്ങനെ തകർക്കാമെന്നാണ് ബിജെപി സർക്കാർ ആലോചിക്കുന്നത്. ആ സമീപനമാണ് ബജറ്റിലും കാണുന്നത്.
എല്ലാവരും അടിമകളായിരിക്കണം, ഞങ്ങളാണ് വലുത് എന്നുള്ള ചില ഉന്നതകുലജാതൻമാരുടെ ധാരണയാണ് കുറേ കാലങ്ങളായി സുരേഷ് ഗോപി പറഞ്ഞുവച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രമന്ത്രിയാണെന്നത് മറന്നുകൊണ്ടാണ് സുരേഷ് ഗോപി സംസാരിക്കുന്നത്. ജാതി ചിന്തയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും സമൂഹത്തിൽ നിൽക്കുന്നുണ്ട്. ഉന്നതരും താഴ്ന്നവരും എന്ന സങ്കൽപ്പമാണ് ഇന്ത്യയുടെ ശാപം. അത് തുടരുകയാണ്. ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രിയുടെ ഭാഗത്ത് നിന്ന് തന്നെ ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത് അപമാനകരമാണ്. ആ സ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി യോഗ്യനല്ല എന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.









0 comments