വീണത് നൂറിലേറെ സിനിമകൾ ; പണം വാരിയത് അഞ്ചെണ്ണം മാത്രം

കൊച്ചി
തിയറ്ററിലെത്തുന്ന മലയാളസിനിമകളുടെ എണ്ണത്തിൽ കുറവില്ലെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയതും സാമ്പത്തികനേട്ടമുണ്ടാക്കിയതും വിരലിലെണ്ണാവുന്നതുമാത്രം. ആദ്യ അർധവർഷത്തെ ഒരു റിലീസിങ് തീയതി ബാക്കിനിൽക്കെ ഇതുവരെ തിയറ്ററിലെത്തിയത് 112 സിനിമകൾ. ഇതിൽ തിയറ്റർ വരുമാനം ഉൾപ്പെടെ സാമ്പത്തികനേട്ടമുണ്ടാക്കിയത് അഞ്ചെണ്ണം. ആദ്യ നാലുമാസം തിയറ്ററുകൾക്ക് നല്ല നാളുകൾ സമ്മാനിച്ചപ്പോൾ, അവസാന രണ്ടുമാസം വറുതിയുടേതായി.
ജോഫിൻ ടി ചാക്കോ സംവിധാനംചെയ്‌ത് ആസിഫ് അലി–-അനശ്വര രാജൻ സിനിമ രേഖാചിത്രം, ജിത്തു അഷറഫിന്റെ കുഞ്ചാക്കോ ബോബൻ–-പ്രിയാമണി ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി, പൃഥ്വിരാജ് സംവിധാനംചെയ്‌ത എമ്പുരാൻ, തരുൺ മൂർത്തിയുടെ തുടരും എന്നീ മോഹൻലാൽ ചിത്രങ്ങൾ, ഖാലിദ് റഹ്‌മാന്റെ നസ്ലീൻ ചിത്രം ആലപ്പുഴ ജിംഖാന എന്നിവയാണ് വൻ സാമ്പത്തികനേട്ടമുണ്ടാക്കിയത്. വേനലവധിയിൽ തിയറ്ററുകളിലേക്ക് വൻതോതിൽ പ്രേക്ഷകരെ ആകർഷിക്കാനും ഈ സിനിമകൾക്കായി. ദിലീപ് ചിത്രം പ്രിൻസ് ആൻഡ് ഫാമിലി, ബേസിൽ ജോസഫ് നായകനായ മരണമാസ്, ഷറഫുദീൻ നായകനായ പടക്കളം എന്നിവ സാമ്പത്തികനേട്ടമുണ്ടാക്കിയെങ്കിലും തിയറ്ററിൽ വലിയ ചലനമുണ്ടാക്കിയില്ല. പ്രാവിൻകൂട് ഷാപ്പ്, നാരായണീന്റെ മൂന്നാൺമക്കൾ, പൊന്മാൻ, നരിവേട്ട തുടങ്ങിയവ മികവുപുലർത്തിയെങ്കിലും തിയറ്ററിൽ രക്ഷപ്പെട്ടില്ല. മമ്മൂട്ടി ചിത്രം ബസൂക്ക ബോക്‌സോഫീസിൽ വീണ പ്രധാന ചിത്രങ്ങളിലൊന്നാണ്.
ഈ വർഷം ആദ്യംമുതൽ മലയാളസിനിമകളുടെ തിയറ്റർ വരുമാനത്തിന്റെ കണക്ക് നിർമാതാക്കളുടെ സംഘടന പുറത്തുവിട്ടിരുന്നു. നിർമാണച്ചെലവ്, വിനോദനികുതി ഉൾപ്പെടെ നൽകിയശേഷമുള്ള തിയറ്റർ വരുമാനമാണ് പുറത്തുവിട്ടത്. ആ കണക്കിൽ ആദ്യ മൂന്നുമാസം രേഖാചിത്രം, എമ്പുരാൻ എന്നിവമാത്രമാണ് നേട്ടമുണ്ടാക്കിയത്. ഏപ്രിൽ, മെയ് മാസങ്ങളിലെ വിവരം പുറത്തുവന്നിട്ടില്ല. ഇന്ത്യ മൂവി ഡാറ്റ ബേസിലെ (ഐഎംഡിബി) കണക്കുപ്രകാരം തിയറ്റർ വരുമാനത്തിനുപുറമെ ഒടിടി ഉൾപ്പെടെ അവകാശങ്ങളുടെ വിൽപ്പനയിലൂടെ ആറുമാസത്തിനിടെ റിലീസായവയിൽ പത്തോളം സിനിമകൾ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുണ്ട്.









0 comments