അമ്മ പുഴയിൽ എറിഞ്ഞുകൊന്ന കുട്ടി പീഡനത്തിന് ഇരയായ സംഭവം
കുട്ടി പീഡനത്തിന് ഇരയായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് അമ്മ; ചോദ്യം ചെയ്യൽ ഇന്നും തുടരും

എ ഐ പ്രതീകാത്മക ചിത്രം
കൊച്ചി: പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മകൾ നിരന്തരം പീഡനത്തിന് ഇരയായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് അമ്മ മൊഴി നൽകിയതായി റിപ്പോർട്ട്. ചോദ്യം ചെയ്യൽ ഇന്നും തുടരും. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാക്കാൻ കഴിയു.
ഭർതൃവീട്ടിൽ ഒറ്റപ്പെട്ട നിലയിലായിരുന്നെന്നും തനിക്ക് ഒരു കഴിവുമില്ലെന്ന് ഭർത്താവും ബന്ധുക്കളും പറഞ്ഞിരുന്നതായും യുവതി മൊഴി നൽകി. കുഞ്ഞിനോട് വീട്ടുകാർക്ക് വാത്സല്യമുണ്ടായിരുന്നു. ഭർത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുന്നതായി വിവരം ലഭിച്ചു. കുട്ടിയിൽ നിന്നും അകറ്റുന്നതായി തോന്നിയപ്പോഴാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവതി മൊഴി നൽകിയതായി റിപ്പോർട്ടുണ്ട്.
കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെയാണ് കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നുവെന്ന വിവരം അമ്മയെ പൊലീസ് അറിയിച്ചത്. ഇക്കാര്യം അവർ നിസംഗതയോടെ കേട്ടിരുന്നു. പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടുത്ത ബന്ധുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകുമെന്നാണ് സൂചന. വ്യാഴം രാത്രി ഇയാളെ 14 ദിവസത്തേക്ക് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.
കുട്ടി പീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം ഇയാളെ ചോദ്യം ചെയ്‌ത് വരികയായിരുന്നു. പുത്തൻകുരിശ് ഡിവൈഎസ്‌പി വി ടി ഷാജന്റെ നേതൃത്വത്തിലാണ് പ്രതിയെ ചോദ്യം ചോദ്യം ചെയ്തത്. പിന്നീട് പോക്സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി പുത്തൻകുരിശ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർമാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് അച്ഛന്റെ അടുത്തബന്ധുവിനെ കസ്‌റ്റഡിയിലെടുത്തത്. തിങ്കൾ രാത്രിയാണ് മൂഴിക്കുളം പാലത്തിനുമുകളിൽനിന്ന് അമ്മ കുട്ടിയെ ചാലക്കുടി പുഴയിലേക്ക് എറിഞ്ഞുകൊന്നത്. ചൊവ്വ പുലർച്ചെ 2.15 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടി മരിച്ച ദിവസം രാവിലെയും ക്രൂര പീഡനത്തിന് ഇരയായെന്നാണ് വിവരം.
കുഞ്ഞിനെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ മൊഴി നൽകിയിരുന്നു. അവർ ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മൂഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരോശോധിച്ചിരുന്നു. കുഞ്ഞിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ അറസ്റ്റിലായ അമ്മ ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു.
കുട്ടി മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് അറസ്റ്റിലായ ബന്ധുവും താമസിച്ചിരുന്നത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തിൽ കണ്ട പാടുകളും മുറിവുകളും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിരുന്നു.
കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് തുടർന്ന് ഇക്കാര്യം പുത്തൻകുരിശ് പൊലീസിനെ അറിയിച്ചു. ബുധൻ രാവിലെ മുതൽ കുട്ടിയുടെ അടുത്ത ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ ആരംഭിച്ചിരുന്നു. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പിന്നീടാണ് ബന്ധുവിനെ അറസ്റ്റ് ചെയ്തത്.









0 comments