"മദർ മേരി കംസ് ടു മീ ' പ്രകാശിപ്പിച്ചു
ഗാസയോട് ഐക്യദാർഢ്യപ്പെടാതെ സംസാരിക്കാനാകില്ല : അരുന്ധതി റോയ്

കൊച്ചി
ഗാസയോട് ഐക്യദാർഢ്യപ്പെടാതെ ഒരു വേദിയിലും സംസാരിക്കാനാകില്ലെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രൊഫ. ജി എൻ സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്താണ് നാം ജീവിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.
അമ്മ മേരി റോയിയെക്കുറിച്ചെഴുതിയ ഓർമ്മപുസ്തകം "മദർ മേരി കംസ് ടു മീ ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
കോട്ടയത്തെ പള്ളിക്കൂടം സ്കൂൾ സ്ഥാപകയും ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്ക് വഴിയുമൊരുക്കിയ അമ്മ മേരി റോയിയെക്കുറിച്ചുള്ള ഓർമകൾ അരുന്ധതി റോയ് പങ്കുവച്ചു. എഴുത്തുകാരിയുടെ കുട്ടിക്കാലവും ജീവിതവും എഴുത്തിലെ വേറിട്ടവഴികളുമെല്ലാം സംസാരത്തിൽ തെളിഞ്ഞു. അമ്മ എന്താണെന്ന് ലോകത്തോട് പങ്കുവയ്‌ക്കാൻതന്നെയാണ് പുസ്തകം എഴുതിയതെന്ന് അവർ പറഞ്ഞു.
സ്‌നേഹം അത്രമാത്രം പ്രകടിപ്പിക്കാൻ അറിയാത്ത, ആസ്‌ത്‌മയുടെ ബുദ്ധിമുട്ടുകളിൽ ദേഷ്യപ്പെട്ടിരുന്ന, തന്റെ തീരുമാനങ്ങളെ എതിർത്തിരുന്ന അമ്മയെക്കുറിച്ച് സംസാരിച്ചു. അമ്മയുമായുള്ള അടുപ്പവും അകൽച്ചയും പുസ്തകത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ടെന്ന് അരുന്ധതി പറയുന്നു. "മദർ മേരി കംസ് ടു മീ ' എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായം എഴുത്തുകാരിതന്നെ വേദിയിൽ വായിച്ചു. വായനക്കാരുടെ ചോദ്യങ്ങൾക്കും ഉത്തരം നൽകി. ഇസ്രയേലിന് വംശഹത്യയ്‌ക്ക് അമേരിക്ക ആയുധവും പണവും നൽകുമ്പോൾ തൊഴിൽ തേടി പോകുന്ന പൗരരിലൂടെ ദാരിദ്ര്യമാണ് ഇന്ത്യ വിൽക്കുന്നത്– ചോദ്യത്തിന് മറുപടിയായി അരുന്ധതി റോയ് പറഞ്ഞു.
"മദർ മേരി കംസ് ടു മീ 'യുടെ ലോകത്തിലെ ആദ്യ പൊതുപ്രകാശനച്ചടങ്ങായിരുന്നു ചൊവ്വാഴ്‌ച സെന്റ് തെരേസാസ് കോളേജിൽ നടന്നത്. രണ്ടു ഹാളുകളിലായി നിറഞ്ഞ സദസ്സിലായിരുന്നു ചടങ്ങ്.
അരുന്ധതിയുടെ സഹോദരൻ ലളിത് റോയിയുടെ പാട്ടുകളും ഇതുവരെ കണ്ടുമുട്ടിയിട്ടില്ലെന്ന് അരുന്ധതി റോയ് പറഞ്ഞ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലും പ്രകാശനച്ചടങ്ങിനെ വ്യത്യസ്തമാക്കി
. എഴുത്തുകാരി കെ ആർ മീര, പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയുടെ എഡിറ്റർ ഇൻ ചീഫ് മാനസി സുബ്രഹ്മണ്യം, രവി ഡിസി, ജിഷ ജോൺ, രഞ്ജിനി മിത്ര, നടിമാരായ പാർവതി തിരുവോത്ത്, അന്ന ബെൻ തുടങ്ങിയവർ സംസാരിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്നുള്ള പുസ്തകപ്രസാധകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
അടുത്ത പൊതുപ്രകാശനച്ചടങ്ങ് അഞ്ചിന് ലണ്ടനിൽ നടക്കും.









0 comments