തൃശൂരിൽ അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട: പടിയൂരിൽ അമ്മയേയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനി സ്വദേശികളായ കൈതവളപ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരെയാണ് ബുധനാഴ്ച വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുളളിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽക്കാർ അറിയിച്ചതനുസരിച്ച് രേഖയുടെ സഹോദരിയെത്തി പരിശോധിച്ചപ്പോഴാണ് ഹാളിലും സമീപത്തെ മുറിയിലുമായി മൃതദേഹങ്ങൾ കണ്ടത്.
പിൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് കരുതുന്നു. രണ്ട് ദിവസമായി അമ്മയേയും രേഖയേയും ഫോണിൽ കിട്ടിയിരുന്നില്ലെന്ന് സഹോദരി പറഞ്ഞു. മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ആറ് മാസമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിക്കുന്നു. രേഖയുടെ രണ്ടാം ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാറും ഇവർക്കൊപ്പം താമസിച്ചിരുന്നു.
സംഭവശേഷം ഇയാളെ ബന്ധപെടാൻ ശ്രമിച്ചെങ്കിലും കിട്ടുന്നില്ല. സമീപ ദിവസം ഇയാൾക്കെതിരെ രേഖ വനിത സെല്ലിൽ പരാതി നൽകിയിരുന്നതായി സഹോദരി പറഞ്ഞു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവിന്റെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചു.









0 comments