പരാതി പൂഴ്‌ത്തി കെപിസിസി നേതൃത്വം
മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ

തിരുവനന്തപുരം
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വെളിപ്പെടുത്തലുകളുമായി കൂടുതൽപേർ. വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനംചെയ്‌തശേഷം നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിക്കുകയും മരുന്നു കഴിക്കാൻ നിർബന്ധിച്ചെന്നും റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ യുവതി വ്യക്തമാക്കി. തന്റെ സീനിയറായി പഠിച്ച യുവതിക്കും ഇതേ അനുഭവമുണ്ടായതായി പിന്നീട് അറിഞ്ഞെന്നും അവർ വെളിപ്പെടുത്തി.
ഇൻസ്‌റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് ഫോൺ നമ്പർ വാങ്ങി, വിവാഹംചെയ്യാമെന്ന് വാഗ്‌ദാനംചെയ്‌ത് ഹോട്ടൽ മുറിയിലെത്തിച്ച് നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടശേഷം വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു. ഗർഭിണിയാകാതിരിക്കാൻ മരുന്നും നൽകി. പിന്നീട് വിളിക്കുമ്പോൾ കല്യാണത്തെക്കുറിച്ച് ചോദിച്ചാൽ, എനിക്കിപ്പോൾ കല്യാണം കഴിക്കാൻ പറ്റില്ലെന്നും ഒട്ടേറെ തിരക്കുണ്ടെന്നും അഥവാ കല്യാണം കഴിഞ്ഞാലും നമുക്ക് ബന്ധം മുന്നോട്ടുകൊണ്ടുപോകാം എന്നും രാഹുൽ പറഞ്ഞു. പുറത്തു പറയുമെന്ന് പറഞ്ഞപ്പോൾ ആത്മഹത്യചെയ്യുമെന്ന് പറയുകയും തെറിവിളിക്കുകയും ദേഷ്യപ്പെടുകയുമാണ് രാഹുലിന്റെ രീതിയെന്നും യുവതി പറഞ്ഞു.
നടിയും കോൺഗ്രസ് പ്രവർത്തകയുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നിരവധി പീഡനപരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്നത്. ട്രാൻസ് വുമൺ അവന്തിക, എഴുത്തുകാരി ഹണി ഭാസ്‌കർ തുടങ്ങിയവരും തെളിവുകളോടെ രാഹുലിന്റെ ലൈംഗിക വൈകൃതങ്ങൾ തുറന്നുപറഞ്ഞിരുന്നു. ചില നേതാക്കളുടെ ഭാര്യമാരേയും പെൺമക്കളേയും ലൈംഗിക താത്‌പര്യത്തോടെ സമീപിച്ചതായും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം ഒരു യുവതിയെ രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതിന്റെ ഫേ-ാൺ സംഭാഷണവും മറ്റൊരു സ്ത്രീക്ക് ഇൻബോക്‌സിൽ അയച്ച അശ്ലീല സന്ദേശവും പുറത്തുവന്നു. ഒരു മുൻ എംപിയുടെ മകളെ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചതായും പരാതിയുണ്ടെന്നാണ് സൂചന. എഐസിസിക്ക് പത്ത് പരാതികൾ ലഭിച്ചതായാണ് വിവരം. സ്‌ത്രീപീഡനവും ഭ്രൂണഹത്യക്ക് നിർബന്ധിക്കുന്നതുമുൾപ്പെടെയുള്ള അതിഗുരുതരമായ പരാതികളായിട്ടും ഇത് നിയമസംവിധാനത്തിന് കൈമാറാതെ സ്വകാര്യമായി ഒതുക്കിതീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.
രാഹുൽ മാങ്കൂട്ടത്തിൽ റേപ്പിസ്‌റ്റ് : അവന്തിക
ലൈംഗിക വൈകൃതങ്ങളുള്ള വ്യക്തിയെന്ന് ബോധ്യപ്പെട്ടപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലുമായുള്ള സൗഹൃദത്തിൽ അകൽച്ചയുണ്ടായതെന്ന് ട്രാൻസ് വുമൺ അവന്തിക. രാഹുലിന്റെ മോശം ഇടപെടലുകളെ കുറിച്ച് വെളിപ്പെടുത്തിയ ശേഷം വാട്‌സ്‌ആപ്പ് കോളിലൂടെ ബന്ധപ്പെടാനും അയാൾ ശ്രമിച്ചെന്ന് അവന്തിക പറഞ്ഞു. വ്യത്യസ്‌ത രാഷ്‌ട്രീയാഭിപ്രായക്കാരാണെങ്കിലും തുടക്കത്തിൽ നല്ല സൗഹൃദമായിരുന്നു. പിന്നീട് അയാൾ ലൈംഗിക താൽപര്യത്തോടെ സംസാരിക്കാനും സന്ദേശങ്ങൾ അയയ്‌ക്കാനും തുടങ്ങി. പറഞ്ഞ് തിരുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അയാൾ റേപ്പിസ്‌റ്റാണെന്നാണ് തോന്നിയതെന്നും അവന്തിക പറഞ്ഞു.
പരാതി പൂഴ്‌ത്തി കെപിസിസി നേതൃത്വം
ഒരു മാസംമുമ്പ് സ്വകാര്യ ചാനലിലെ മാധ്യമ പ്രവർത്തക കെപിസിസിക്ക് നൽകിയ പരാതി പിൻവലിപ്പിക്കാനും അത് പൊലീസിലെത്താതിരിക്കാനും ഇടപെട്ടത് കോൺഗ്രസ് നേതൃത്വം. പീഡിപ്പിച്ചയാളുടെ പേര് അന്ന് പുറത്തുവന്നില്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം മുറുകിയപ്പോള്‍ ‘അങ്ങനെ പലതും വരും, പിണറായി ഭരിക്കുന്ന ആഭ്യന്തരവകുപ്പ് ഉള്ളപ്പോൾ ആർക്കെതിരെ എന്തും വിളിച്ചുപറയാമെന്നല്ലേ, ഇതിനെക്കുറിച്ച് ഒന്നേ പറയാനുള്ളൂ, ഹു കെയേഴ്‌സ്’ എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതികരിച്ചത്.
അതിനുശേഷമാണ് മറ്റൊരു യുവ നടിയും കോൺഗ്രസ് അനുഭാവിയുമായ റിനി ആൻ ജോർജ് യൂട്യൂബ് ചാനലിൽ ‘ഹു കെയേഴ്സ്’ എന്ന മനോഭാവമുള്ളയാളാണ് അശ്ലീല സന്ദേശങ്ങളയച്ചതും ഹോട്ടലിലേക്ക് വിളിച്ചതെന്നും പറഞ്ഞു. ഇൗ പരാതിയും പുറത്തുവരാതിരിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചെങ്കിലും, യുവതി പ്രതിയുടെ പേര് മറച്ച് മാധ്യമങ്ങൾക്കുമുന്നിൽ നടന്ന സംഭവങ്ങൾ പറയാൻ തയ്യാറായി. തുടർന്ന് അഭിമുഖം നൽകരുതെന്ന് കോൺഗ്രസിലെ വനിതാ നേതാക്കൾ റിനിക്കുമേൽ ശക്തമായ സമ്മർദം ചെലുത്തിയെങ്കിലും അവർ വഴങ്ങിയില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ കോൺഗ്രസ് നേതൃത്വം കൈവിടുകയായിരുന്നു. ആറ് യുവതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തേ കെപിസിസിക്ക് പരാതി നൽകിയത്. ഇതിൽ കോൺഗ്രസിലെ ഒരു മുൻ എംപിയുടെ മകളും ഉൾപ്പെടുന്നു. ഇവരുടെ പരാതികൾ പൊതുസമൂഹത്തിൽ എത്താതിരിക്കാൻ കെപിസിസിയിലെ ചില നേതാക്കൾ ഇടപെട്ടത് ഫലം കണ്ടതോടെ പുതിയ പരാതികൾ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ വീണ്ടും പരാതികൾ വന്നതോടെ നേതൃത്വം ഗതികെട്ട് രാഹുലിനെ കൈവിടാൻ തീരുമാനിക്കുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ച് യുവതി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ നിന്ന്
രാഹുൽ മാങ്കൂട്ടത്തിലിനെ 2023 കാലഘട്ടത്തിലാണ് പരിചയപ്പെടുന്നത്. അതിനു മുമ്പുതന്നെ പുള്ളിയെ അറിയാമായിരുന്നു. ആദ്യം ഇൻസ്‌റ്റഗ്രാമിൽ ചാറ്റുചെയ്യുകയായിരുന്നു. അതിനുശേഷം എന്റടുത്ത് ടെലിഗ്രാമിൽ നമ്പർ തരുമോന്ന് ചോദിച്ചു. ഇൻസ്‌റ്റഗ്രാം ഹാൻഡിൽ ചെയ്യാൻ അഡ്‌മിൻസുണ്ട്. അതുകൊണ്ട് ഇതിൽ മെസേജ് അയച്ചാൽ ബുദ്ധിമുട്ടാകും. അവരൊക്കെ കാണും. എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്നു പറഞ്ഞ് നമ്പർ വാങ്ങിക്കുകയായിരുന്നു.
ടെലിഗ്രാം ത്രൂ ആയിരുന്നു മെസേജുകൾ അയക്കുന്നത്. എല്ലാവരുടടുത്തും ചെയ്യുന്നതുപോലെതന്നെ അതിനകത്ത് ടൈമർ സെറ്റ് ചെയ്‌തിട്ടുണ്ടായിരുന്നു. എന്റെ ഫോണ് മറ്റു പലരും ഹാൻഡിൽ ചെയ്യുന്നുണ്ട്. അവരാരെങ്കിലും വായിച്ചാലോ എന്നാണ് പുള്ളി പറഞ്ഞത്.ഇടയ്‌ക്കു എന്തോ കേസ് വന്നപ്പോൾ, പുള്ളി പറഞ്ഞിരുന്നു; പൊലീസുകാരുടെയൊക്കെ കൈയിൽ കിട്ടുന്നതാണ്. ടൈമർ സെറ്റുചെയ്‌താൽ ആ സമയം കഴിഞ്ഞാൽ മെസേജ് പോകും.
വിവാഹവാഗ്‌ദാനം നൽകിയാണ് ലൈംഗികബന്ധത്തിന് സാഹചര്യമൊരുക്കിയത്. എനിക്കതിൽ താൽപര്യമില്ലെന്ന് പറഞ്ഞതാണ്. പിന്നീട് പുള്ളിതന്നെ ഇനിഷ്യേറ്റീവ് എടുത്ത് എനിക്ക് രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും മെസേജ് അയക്കും. കോൾ ചെയ്യും. നീ നോക്ക്, നിനക്ക് ഓകെ അല്ലെങ്കിൽ നമുക്കിത് സ്‌റ്റോപ്പ്‌ചെയ്യാം. ഞാൻ നിനക്ക് പറ്റുന്നയാളാണോന്ന് നോക്ക് ന്ന് പറഞ്ഞിട്ട് നിർബന്ധിക്കുകയായിരുന്നു. നമുക്ക് ഫസ്‌റ്റ് കാണാം, മീറ്റ് ചെയ്യാം. സംസാരിക്കാം. എന്ന് പറഞ്ഞിട്ട് മീറ്റ് ചെയ്യാൻ ഒരു സാഹചര്യം ഉണ്ടാക്കുകയായിരുന്നു. അന്ന് പുള്ളിയും കൂടെ പെട്ടി വിവാദത്തിലൊക്കെ ഉണ്ടായിരുന്ന ഫെനി നൈനാനും കൂടി ഉണ്ടായിരുന്നു . അവർ സ്ഥലം ചൂസ് ചെയ്‌തത് എനിക്ക് അറിയത്തില്ലായിരുന്നു. അവിടെ ചെന്നപ്പോൾ, ഇവിടെ ആൾക്കാരു കാണും; റൂമെടുത്ത് സംസാരിക്കാം, അതാകും സേഫ് എന്നു പറയുകയായിരുന്നു.
ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടായശേഷം, പുള്ളി അറ്റ് എ ഡേ തന്നെ എന്റെ മുഖത്തുനോക്കി പറയുകയാണ്; എനിക്ക് പറ്റില്ല കല്യാണമൊന്നും കഴിക്കാൻ. കല്യാണം കഴിച്ചാൽ ബുദ്ധിമുട്ടാകും. നമുക്കൊരു കുട്ടിയുണ്ടായാവുകയാണെങ്കിൽ, ആ കുട്ടിക്കുപോലും ടൈം സ്‌പെൻഡ്‌ചെയ്യാൻ എനിക്ക് പറ്റില്ല. അങ്ങനൊരു ബിസി ലൈഫാണ് എന്നൊക്കെ. അതെന്നെ വല്ലാതെ മുറിവേൽപിച്ചിരുന്നു. നിർബന്ധിച്ചാൽ ആത്മഹത്യചെയ്യേണ്ടിവരും എന്നാണ് പറയുക. എനിക്കത് മെന്റൽ സട്രെസ്സ് ഉണ്ടാക്കി.
പിന്നീട് ഫോണിൽ വിളിച്ച് ദേഷ്യപ്പെടും. മറ്റേ കുട്ടിയോട് സംസാരിച്ച രീതിയിൽതന്നെയാ എന്നോടും സംസാരിച്ചത്. അന്ന് എന്നെ ചീത്ത വിളിച്ചു. ഞാൻ കല്യാണം കഴിച്ചാലും ഇൗ റിലേഷൻഷിപ്പ് നമുക്ക് മുന്നോട്ടുകൊണ്ടുപോകണം എന്നും പറഞ്ഞു.
ഫിസിക്കൽ റിലേഷൻഷിപ്പിനുശേഷം പിറ്റേദിവസം മെഡിസിൻ കൊണ്ടുത്തന്നു. മെഡിസിൻ അലർജിയുള്ളതിനാൽ കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ കഴിക്കാൻ നിർബന്ധിച്ചു.
ആ ദിവസത്തിനുശേഷവും പലതവണ ഹോട്ടലിലേക്കും മറ്റും വിളിച്ചു. ഒഴിഞ്ഞുമാറുകയായിരുന്നു. പുറത്തുപറയുമെന്ന് പറഞ്ഞപ്പോൾ, ഐ ഡോണ്ട് കെയർ, നീ പോയി പറഞ്ഞോ, ഹു കെയേർസ്. എനിക്ക് പ്രശ്‌നമില്ല എന്നു പറഞ്ഞു. എന്റെ ഒരു സീനിയറിനും ഇതേ അനുഭവമുണ്ടായതായി അറിഞ്ഞു. റിനി പറയുന്ന ന്യൂസ് കണ്ടപ്പോൾ അതിൽ സത്യമുണ്ടെന്ന് തോന്നി. അതിനാലാണ് ഇപ്പോൾ തുറന്നുപറയുന്നത്.









0 comments