കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിയുന്നു; ജനങ്ങൾക്ക് ജാഗ്രത നിർദേശം

കൊല്ലം : അറബിക്കടലിൽ മുങ്ങിയ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്ന് കടലിൽ വീണെന്ന് കരുതുന്ന കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തേക്ക് അടുക്കുന്നു. കൊല്ലത്ത് വിവിധയിടങ്ങളിലായി എട്ട് കണ്ടെയ്നറുകൾ അടിഞ്ഞതായാണ് വിവരം. ആലപ്പുഴയിലും കണ്ടെയ്നർ അടിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി 11.30 ഓടെ കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കലാണ് ആദ്യ കണ്ടെയ്നർ കണ്ടത്. ചെറിയഴീക്കൽ സിഎഫ്എ ഗ്രൗണ്ടിന് തെക്കുഭാഗത്തായാണ് കണ്ടെയ്നർ കണ്ടെത്തിയത്. പൊലീസും ദുരന്തനിവാരണ സേനയും റവന്യൂ അധികൃതരും സ്ഥലത്തെത്തി സമീപത്തെ വീടുകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിച്ചു. തീരത്തടുത്ത് കിടക്കുന്ന കണ്ടെയ്നർ കാലിയാണ്. വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
ഇതിന് പിന്നാലെ കൊല്ലം ശക്തികുളങ്ങര, നീണ്ടകര ഭാഗങ്ങളിലായി മറ്റ് കണ്ടെയ്നറുകളും തീരത്തടിഞ്ഞു. പുലർച്ചെയാണ് നീണ്ടകര പരിമണം ഭാഗത്ത് മൂന്ന് കണ്ടെയ്നറുകൾ കണ്ടത്. ഇവയും തുറന്ന നിലയിലായിരുന്നു. ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തുണ്ട്. ശക്തികുളങ്ങരയിലും മൂന്ന് കണ്ടെയ്നറുകൾ തീരത്തെത്തി. ഇതുവരെ ആകെ എട്ട് കണ്ടെയ്നറുകൾ കൊല്ലം തീരത്തടിഞ്ഞതായാണ് വിവരം.

ആലപ്പുഴ ആറാട്ടുപുഴയിലും തീരത്ത് ഒരു കണ്ടെയ്നർ അടിഞ്ഞിരുന്നു. കണ്ടെയ്നറുകൾ മിക്കതും തുറന്ന നിലയിലാണ്. ഒരു കാരണവശാലും പൊതുജനങ്ങൾ കണ്ടെയ്നറുകളുടെ അടുത്തേക്ക് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടെയ്നറുകളിൽ നിന്ന് പരമാവധി 200 മീറ്ററെങ്കിലും അകലം പാലിച്ചിരിക്കണമെന്ന് കർശനമായ മുന്നറിയിപ്പുണ്ട്. കൂടുതൽ കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം തീരങ്ങളിൽ അടുക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നത് കണ്ടതായും വിവരമുണ്ട്. ആലപ്പുഴ വലിയഴീക്കലും കണ്ടെയ്നർ അടിഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച പകൽ ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് 14.6 നോട്ടിക്കൽ മൈലും കൊച്ചിയിൽനിന്ന് 40 നോട്ടിക്കൽ മൈലും അകലെയാണ് ലൈബീരിയൻ ചരക്കുകപ്പലായ എംഎസ്‌സി എൽസ 3 അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ചരിഞ്ഞ കപ്പൽ ഇന്നലെ പൂർണമായും കടലിൽ മുങ്ങി. റഷ്യക്കാരനായ ക്യാപ്റ്റൻ ഇവാനോവ് അലക്‌സാണ്ടറുൾപ്പെടെ കപ്പലിലുണ്ടായിരുന്ന 24 പേരെയും നടപടിക്രമം പൂർത്തിയാക്കി ഞായർ രാവിലെ സുരക്ഷിതമായി കരയിലെത്തിച്ചു.
643 കണ്ടെയ്‌നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ നൂറോളം എണ്ണമാണ് കടലിൽ മുങ്ങിയത്. 13 എണ്ണത്തിൽ അപകടകരമായ കാത്സ്യം കാർബൈഡ് അടങ്ങിയ ചരക്കുകളാണ്. 73 കണ്ടെയ്‌നറുകൾ ശൂന്യമാണ്. കപ്പൽ ടാങ്കുകളിൽ 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലുമുണ്ട്. കോസ്‌റ്റ് ഗാർഡിന്റെ രണ്ടു കപ്പൽ, ഡോണിയർ വിമാനം എന്നിവ ഉപയോഗിച്ച് എണ്ണപ്പാട നശിപ്പിക്കാനുള്ള നടപടി ഊർജിതമായി തുടരുകയാണ്.










0 comments