നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം: ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹൻലാൽ

കൊച്ചി : നിർമാതാവ് സുരേഷ് കുമാറിന് മറുപടി നൽകിയ ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹൻലാൽ. നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് പങ്കുവച്ചത്. കഴിഞ്ഞ ദിവസമാണ് നിർമാതാവ് സുരേഷ് കുമാറിന്റെ വാർത്താസമ്മേളനത്തിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്. സംഘടനയുടെ അഭിപ്രായമെന്ന നിലയിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചതിനെ വിമർശിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത്. സംഘടനയെ പ്രതിനിധീകരിക്കുമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയിൽ അവതരിപ്പിക്കേണ്ടതെന്നും ജൂൺ ഒന്ന് മുതൽ നിർമാതാക്കൾ സമരത്തിനിറങ്ങുന്നതായി പറഞ്ഞതടക്കം ബാലിശമായ കാര്യങ്ങളാണ് സുരേഷ് കുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതെന്നും ആന്റണി പെരുമ്പാവൂർ കുറിച്ചിരുന്നു.
എംപുരാൻ സിനിമയുടെ ബജറ്റിനെപ്പറ്റി പൊതുസമക്ഷം സുരേഷ് കുമാർ സംസാരിച്ചതിന്റെ ഔചിത്യബോധം മനസിലാകുന്നില്ലെന്നും ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാൻ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ആന്റണിയുടെ പോസ്റ്റിനെ പിന്തുണച്ച് നിരവധി നടൻമാർ രംഗത്തു വന്നിരുന്നു. ഓകെ അല്ലേ എന്ന ക്യാപ്ഷനോടെയാണ് നടൻ പൃഥ്വിരാജ് ആന്റണിയുടെ പോസ്റ്റ് പങ്കുവച്ചത്. വെൽ സെഡ് ബ്രദർ എന്നാണ് നടൻ ചെമ്പൻ വിനോദ് കുറിച്ചത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ് എന്നിവരും പോസ്റ്റ് ഷെയർ ചെയ്തു. ആന്റണി പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നുവെന്ന് സംവിധായകൻ വിനയനും കുറിച്ചു. ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരും ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.









0 comments