ആവേശത്തോടെ 
ആരാധകര്‍ 
കാത്തിരിക്കുന്നു പുത്തന്‍ 
വേഷപ്പകര്‍ച്ചകള്‍ക്കായി

തുടരുന്ന വിസ്‌മയം ; 
ആരാധകര്‍ 
കാത്തിരിക്കുന്നു പുത്തന്‍ 
വേഷപ്പകര്‍ച്ചകള്‍ക്കായി

mohanlal Dada Saheb Phalke Award
avatar
ഗിരീഷ്‌ ബാലകൃഷ്‌ണൻ

Published on Sep 21, 2025, 03:15 AM | 2 min read


മലയാള സിനിമ നവതിയും കടന്ന് നൂറ് തികയ്‌ക്കാന്‍ കുതിക്കുമ്പോള്‍ ഒപ്പം നാല്‍പ്പത്തഞ്ചുവര്‍ഷമായി മോഹന്‍ലാലുണ്ട്. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, മലയാള സിനിമ എന്ന വ്യവസായത്തിന്റെ തന്നെ നെടുംതൂണെന്ന നിലയില്‍. കോടന്പാക്കത്തുനിന്ന്‌ കേരളത്തിലേക്ക് മലയാള സിനിമയെ പറിച്ചുനടുന്നതിലും കേരളത്തില്‍ ചലച്ചിത്രനിര്‍മാണ കമ്പനികള്‍ രൂപപ്പെടുത്തുന്നതിലും സിനിമയുടെ സാങ്കേതികവിദ്യയെ പുത്തന്‍ കാലത്തിനൊപ്പം പരിഷ്‌കരിക്കുന്നതിലും മോഹന്‍ലാല്‍ എന്ന താരത്തിനും വലിയ പങ്കുണ്ട്. തമിഴ് സിനിമയുടെ വാണിജ്യവിജയങ്ങളുടെ തിളക്കത്തിലും മലയാളത്തിന്റെ ശബ്‌ദം വേറിട്ടു നിര്‍ത്തിയ കേരളത്തി‍ന്റെ ചലച്ചിത്രപ്രതിഭകളുടെ കൈയിലെ കളിമണ്ണായും ലാല്‍ എന്ന അഭിനേതാവ് മാറി.


ഗവ. സർവീസിൽ ലോ സെക്രട്ടറിയായ വിരമിച്ച വിശ്വനാഥൻനായരുടെയും ശാന്തകുമാരിയുടെയും പ്രിയപ്പെട്ട ഇളയമകന് കുട്ടിക്കാലത്ത് ഗുസ്‌തിയിലായിരുന്നു കന്പം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തൊണ്ണൂറുകാരന്റെ വേഷത്തിൽ നാടക വേദിയിലെത്തി, മോഡൽ സ്‌കൂളിലെ മികച്ച നടനായി. ക്യാമ്പസ് കാലത്ത് തുടർച്ചയായി രണ്ടുവട്ടം സംസ്ഥാന ഗുസ്തി ചാമ്പ്യനായി. എംജി കോളേജ് പഠനകാലത്തുതന്നെ സിനിമാ മോഹം പിടികൂടി. അനന്തപുരി സമ്മാനിച്ച സൗഹൃദ കൂട്ടായ്‌മയിൽനിന്നാണ് ആദ്യ സിനിമ ‘തിരനോട്ടം’ പിറന്നത്. മുടവൻമുകളിലെ വീടിനു മുന്നിലെ റോഡിൽ സൈക്കിൾ ചവിട്ടി നിലത്തുവീഴുന്നത് ജീവിതത്തിലെ ആദ്യ ഷോട്ട്. അന്ന് പ്രായം 18. നവോദയയുടെ പുതിയ ചിത്രത്തിൽ പുതുമുഖത്തെ വേണമെന്ന പരസ്യം കണ്ട് ഫോട്ടോ അയച്ചുകൊടുത്തത് സുഹൃത്തുക്കൾ. മഞ്ഞിൽ വിരിഞ്ഞ പൂക്കളി (1980) ലെ വില്ലൻ നരേന്ദ്രൻ ആദ്യ ബ്രേക്ക് നൽകി. എണ്‍പതുകളിലെ ക്യാമ്പസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ച വില്ലന്‍. പിന്നീട് പ്രതിനായകന്‍ ക്രമേണ നായകനായി, പുതിയ താരോദയം.


പിന്നീടങ്ങോട്ട് 370ഓളം സിനിമകള്‍. പ്രായത്തിനും കാലത്തിനും അനുസരിച്ച് മലയാളിയുടെ ഫാന്റസിയില്‍ അതിശയിപ്പിക്കുന്ന ലാഘവത്വത്തോടെ മോഹന്‍ലാല്‍ നിറഞ്ഞുനില്‍ക്കുന്നു. മലയാള സിനിമയുടെ വിജയക്കണക്ക് അമ്പതുകോടിയും നൂറുകോടിയും ഇരുനൂറുകോടിയും കടക്കുമ്പോള്‍ നയിക്കാന്‍ ലാല്‍ എന്ന താരവുമുണ്ട്. പ്രതിഭാസാന്നിധ്യം കൊണ്ട് മലയാള സിനിമയുടെ സുവർണകാലഘട്ടമായ എൺപതുകളുടെ പകുതി മോഹൻലാലിന്റെ അഭിനയപ്രതിഭയുടെ മാറ്റളന്നു.


സത്യൻ അന്തിക്കാടിന്റെ ടി പി ബാലഗോപാലൻ എംഎ (1986)യിലൂടെ മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരം. അതേവർഷം ഇറങ്ങിയ രാ ജാവിന്റെ മകൻ സൂപ്പർതാര പരിവേഷം നൽകി. 1986ൽ മാത്രം ഓടിനടന്ന് അഭിനയിച്ചത് 36 സിനിമയിൽ. പത്മരാജനൊപ്പം ആദ്യചിത്രം ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ.' ദാസന്റെയും വിജയന്റെയും നാടോടിക്കാറ്റും (1987) പട്ടണപ്രവേശവും (1988) പിന്നാലെ. പത്മരാജന്റെ തൂവാനത്തുമ്പികൾ (1987) തരംഗമായി. പ്രിയദർശൻ-–മോഹൻലാൽ ടീമിന്റെ എക്കാലത്തെയും മികച്ച സിനിമ ചിത്രം (1988) ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിക്കപ്പെട്ട മലയാള സിനിമയായി, -366 ദിവസം. പാദമുദ്രയും ആര്യനും വെള്ളാനകളുടെ നാടും ഉത്സവപ്പിറ്റേന്നും ആ വർഷം ഇറങ്ങി. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരം. തൊട്ടടുത്ത വർഷം കിരീടത്തിലൂടെ ആദ്യ ദേശീയ പുരസ്‌കാരം. (പ്രത്യേക പരാമർശം).


ഭരത(1991)ത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. കാലാപാനി(1996)യിലൂടെ സംസ്ഥാന പുരസ്‌കാരം. മണിരത്നത്തിന്റെ ഇരുവർ (1997) ആദ്യ മലയാളേതര ചിത്രം. വാനപ്രസ്ഥ കാനിൽ മത്സരി ച്ചു, ദേശീയ പുരസ്‌കാരങ്ങൾ നേടിക്കൊടുത്തു. ഗുരു (1997) ഓസ്‌കറിൽ ഇന്ത്യയെ പ്രതിനിധാനംചെയ്‌തു. നരസിംഹം (2000) സമ്മാനിച്ച വിജയം അതിമാനുഷ കഥാപാത്രങ്ങളുടെ ഘോഷയാത്രയ്‌ക്ക്‌ വഴിവച്ചു. കീർത്തിചക്ര (2006) പട്ടാള സിനിമകളുടെ നിര സൃഷ്‌ടിച്ചു. പിറകെ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്. കേണൽ പദവിയും. തന്മാത്ര (2005), പരദേശി (2007) സംസ്ഥാന പുരസ്കാരങ്ങൾ നേടിക്കൊടുത്തു.


200 കോടി ക്ലബ്ബിൽ വിസ്‌മയിപ്പിക്കുന്ന വാണിജ്യവിജയങ്ങളുടേതാണ് പോയ ദശകം. ദൃശ്യം (2013) 50 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ മലയാള ചിത്ര മായി. പുലിമുരുകൻ (2016) മലയാളത്തിലെ ആദ്യ നൂറുകോടി നേടി. എന്നാൽ, പൃഥ്വിരാജ് സംവിധാനംചെയ്‌ത എംപുരാൻ (2025) ബോക്‌സ്‌ ഓഫീസ് കളക്‌ഷൻ 268 കോടിയിലെത്തിച്ചു. മോഹന്‍ലാലിന്റെ മടങ്ങിവരവ് ചിത്രമെന്ന് വാഴ്‌ത്തപ്പെട്ട തുടരും ഇരുനൂറ് കോടിയും കവിഞ്ഞു. ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കുന്നു പുത്തന്‍ വേഷപ്പകര്‍ച്ചകള്‍ക്കായി.



deshabhimani section

Related News

View More
0 comments
Sort by

Home