ആർഎസ്‌എസിനുവേണ്ടി കേരളയെ തകർക്കാൻ മോഹനൻ ; ഫയലിൽ കുടുങ്ങി വിദ്യാർഥികളുടെ ഭാവി

തിരുവനന്തപുരം
കേരള സർവകലാശാലയിൽ ആർഎസ്‌എസ് അജൻഡ നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെ ശക്‌തമായ പ്രതിരോധം ഉയർന്നതോടെ ഭരണസ്‌തംഭനം സൃഷ്‌ടിച്ച് താൽക്കാലിക വിസി ഡോ. മോഹനൻ കുന്നുമ്മൽ. 15 ദിവസമായി വിസി സർവകലാശാലയിൽ എത്തിയിട്ട്. ബിരുദ സർട്ടിഫിക്കറ്റ് മുതൽ അഫിലിയേറ്റ് കോളേജുകളിലെ വിവിധ കോഴ്‌സിലേക്കുള്ള അംഗീകാരവുമായി ബന്ധപ്പെട്ട ഫയൽ വരെയാണ് കെട്ടികിടക്കുന്നത്. 2,500 ഓളം ബിരുദ സർട്ടിഫിക്കറ്റുകളാണ് ഒപ്പിടാനുള്ളത്. അധ്യാപകരുടെ സ്ഥാനക്കയറ്റം, വിദ്യാർഥികളുടെ തുടർപഠനത്തിന് അനിവാര്യമായ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനു വേണ്ടിയുള്ള അപേക്ഷ തുടങ്ങിയവയും വിസിയുടെ ദുർവാശിയിൽ തീർപ്പാകാതെ കിടക്കുന്നു.
ഗവേഷക വിദ്യാർഥികളുടെ റിസർച്ച് തീസിസ് പരിശോധിക്കേണ്ട ‘ഇവാലുവേഷൻ എക്‌സ്‌പർട്ട് പാനൽ’ സംബന്ധിച്ച ഫയലും തീർപ്പാക്കിയിട്ടില്ല. സർവകലാശാലയുടെ വികസനത്തിന് വിവിധ പദ്ധതികളുടെ ഭാഗമായി ലഭിച്ച തുക വിസിയുടെ കെടുകാര്യസ്ഥത മൂലം പദ്ധതി നിർദേശം പോലും സമർപ്പിക്കാനാകാതെ മുടങ്ങിക്കിടക്കുകയാണ്. സർവകലാശാലയുടെ ഒരു പഠനവിഭാഗത്തിലും സെമിനാർ ഉൾപ്പെടെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾക്കും വിസി അനുമതി നൽകുന്നില്ല. കൃത്യമായ അധ്യാപക നിയമനമടക്കം നടത്താതെ സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലും പ്രതിസന്ധി സൃഷ്‌ടിച്ചു.
സർവകലാശാലയിൽ ഫയൽനീക്കം സുഗമമാക്കാൻ രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാർ നടത്തുന്ന ശ്രമങ്ങൾക്കും തടയിടുന്നു. സർവകലാശാലയിൽ പ്രോ. വൈസ് ചാൻസലർ ഇല്ലാത്തതിനാൽ രജിസ്‌ട്രാർക്കാണ് പൂർണ ചുമതല. എന്നാൽ, രജിസ്ട്രാർ തീർപ്പാക്കുന്ന ഫയൽ അംഗീകരിക്കില്ലെന്ന വാശിയിലാണ് ഡോ. മോഹനൻ കുന്നുമ്മൽ.
ഗവർണറെ സന്ദർശിച്ച് മോഹനൻ കുന്നുമ്മൽ
ആഴ്‌ചകളായി ഓഫീസിലെത്താതെ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്ന കേരള സർവകലാശാലാ താൽക്കാലിക വിസി മോഹനൻ കുന്നുമ്മൽ തൃശൂരിൽ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്‌ച നടത്തി. തൃശൂരിൽ ഒരു സ്വകാര്യ സ്ഥാപനത്തിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവർണറുമായി രാമനിലയത്തിലെത്തിയാണ് മോഹനൻ കുന്നുമ്മൽ ചർച്ച നടത്തിയത്. കേരള സർവകലാശാലയിലെ വിഷയങ്ങൾ ഗവർണറെ ധരിപ്പിച്ചുവെന്ന് താൽക്കാലിക വിസി പറഞ്ഞു.
കേരള സർവകലാശാലയിൽ ഭരണസ്‌തംഭനമില്ലെന്ന് പിന്നീട് മോഹനൻ കുന്നുമ്മൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രജിസ്‌ട്രാറുടെ സസ്‌പെൻഷൻ പിൻവലിച്ചതിന്റെ രേഖ എവിടെയെന്നും സസ്പെൻഷനെക്കുറിച്ച് രജിസ്‌ട്രാർ പരാതി പറഞ്ഞാൽ അത് പരിഗണിക്കുമെന്നും - മോഹനൻ കുന്നുമ്മൽ പറഞ്ഞു.









0 comments