സർവകലാശാലയിൽ താൻ മാത്രമാണ് അധികാരി; വിചിത്ര വാദവുമായി മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം : സർവകലാശാലയിൽ താൻ മാത്രമാണ് അധികാരിയെന്ന വിചിത്ര പ്രസ്താവനയുമായി താൽക്കാലിക വി സി ഡോ. മോഹനൻ കുന്നുമ്മൽ. ഏറ്റവും അധികം അധികാരം ഉള്ളത് വി സിക്കാണെന്നും വി സിയെ ഉപദേശിക്കാൻ വേണ്ടിയുള്ള സമിതിയാണ് സിൻഡിക്കറ്റെന്നുമായിരുന്നു മോഹനൻ കുന്നുമ്മലിന്റെ വിചിത്ര അഭിപ്രായം. ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താൽക്കാലിക വി സി. അങ്ങേയറ്റം അധിക്ഷേപകരമായാണ് മോഹനൻ കുന്നുമ്മൽ സർവകലാശാലയിലെ നിയമവിരുദ്ധതയ്ക്കെതിരെ നടക്കുന്ന സമരത്തെപ്പറ്റിയും സമരം ചെയ്യുന്ന വിദ്യാർഥികളെപ്പറ്റിയും സംസാരിച്ചത്.
വി സിയുടെ അധികാരം മുമ്പേ നിശ്ചയിച്ചതാണ്. ഏറ്റവും അധികം അധികാരം ഉള്ളത് വി സിക്കാണ്. വി സിയെ ഉപദേശിക്കാൻ വേണ്ടിയുള്ള സമിതിയാണ് സിൻഡിക്കറ്റ്. എപ്പോഴാണോ സിൻഡിക്കറ്റ് ഇല്ലാത്തത്, അപ്പോൾ വി സിയാണ് സിൻഡിക്കറ്റ്. എപ്പോഴാണോ സെനറ്റ് ഇല്ലാത്തത് അപ്പോൾ വി സിയാണ് സെനറ്റ്. എപ്പോഴാണോ അക്കാദമിക്ക് കൗൺസിൽ ഇല്ലാത്തത് അപ്പോൾ വി സിയാണ് അക്കാദമിക്ക് കൗൺസിൽ. അതാണ് നിയമം. വി സിക്ക് തീരുമാനമെടുത്തിട്ട് അതാത് സമിതികൾക്ക് റിപ്പോർട്ട് ചെയ്താൽ മതി എന്നാണ് നിയമം. സിൻഡിക്കറ്റിന് അധ്യക്ഷത വഹിക്കേണ്ടത് വി സി തന്നെയാണ്.
സിൻഡിക്കറ്റ് കൂടണമെങ്കിൽ വൈസ് ചാൻസലർ വേണം. അതിൽ തീരുമാനം എടുക്കണം. ആ തീരുമാനം വെസ് ചാൻസലർ അപ്രൂവ് ചെയ്യണം. തീരുമാനം നടപ്പാക്കാൻ വി സി ഒപ്പിടണം. ഇതൊന്നും നടന്നിട്ടില്ല. എല്ലാവരും വട്ടമിട്ടിരുന്ന് ഞങ്ങൾ തീരുമാനമെടുത്തു എന്ന് പറഞ്ഞാൽ ലോകത്ത് എവിടെയെങ്കിലും അംഗീകരിക്കുമോ. എന്നിട്ടും സിൻഡിക്കറ്റ് എന്നുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. അതിന്റെ രേഖ കാണിക്കുന്നില്ല. ഇല്ലാത്ത കടലാസിന്റെ പേരിലാണ് അവിടെ കുറേപ്പേർ കുത്തിയിരിക്കുന്നതെന്നും വി സി സമരത്തെ അധിക്ഷേപിച്ചു.
സമരം ചെയ്യുന്നവരെ ഗുണ്ടകൾ എന്നടക്കം വിശേഷിപ്പിച്ചാണ് മോഹനൻ കുന്നുമ്മൽ അധിക്ഷേപകരമായി സംസാരിച്ചത്. ഒരു കാര്യവുമില്ലാതെ വിദ്യാർഥികൾ എന്നു പറയുന്നവർ സമരം ചെയ്യുന്നു എന്നായിരുന്നു താൽക്കാലിക വി സിയുടെ അധിക്ഷേപ പരാമർശം. നാലും അഞ്ചും വർഷം പഠിക്കുന്ന പ്രൊഫഷണൽ ബി എ ഉള്ളവരാണ് കേരളത്തിലെ വിദ്യാർഥി സംഘടനാ നേതാക്കളെന്നും വി സി അധിക്ഷേപിച്ചു.
ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മോഹനൻ കുന്നുമ്മൽ മാധ്യമങ്ങളോട് സംസാരിച്ചത്. ഗവർണറെ സംസ്ഥാനത്തിന്റെ ഭരണാധിപൻ എന്ന് വിശേഷിപ്പിച്ച വി സി എല്ലാ കാര്യങ്ങളും ഗവർണറെ അറിയിച്ചിട്ടുണ്ടെന്നും എല്ലാത്തിനും ഗവർണർ പരിഹാരം കാണുമെന്നും വി സി പറഞ്ഞു. സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമെന്താണെന്ന് ചോദിച്ചപ്പോൾ അത് നിങ്ങൾ പറയൂ എന്നായിരുന്നു വി സിയുടെ മറുപടി. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വി സിക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിന് അധികാരമില്ലെങ്കിൽ കോടതിയിൽ പോകാനും വി സി പറഞ്ഞു. തനിക്ക് യൂണിവേഴ്സിറ്റിയിൽ ചെല്ലണമെന്ന് നിർബന്ധമൊന്നുമില്ലെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ചോദ്യം ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് മോഹനൻ കുന്നുമ്മൽ ക്ഷുഭിതനാവുകയും ചെയ്തു. നിങ്ങളെ മര്യാദ പഠിപ്പിക്കാൻ എനിക്ക് അറിയാമെന്നു പറഞ്ഞ വി സി പിന്നീട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ പോവുകയായിരുന്നു.
റഷ്യൻ യാത്രകഴിഞ്ഞ് തിരിച്ചെത്തി അഞ്ച് ദിവസമായിട്ടും സർവകലാശാലയിലേക്ക് വരാൻ വി സി കൂട്ടാക്കിയിട്ടില്ല. രണ്ടുവർഷമായി കേരളയുടെ താൽക്കാലിക ചുമതലയിലുള്ള മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ നൂറുദിവസംപോലും എത്തിയിട്ടില്ല. കഴിഞ്ഞ 14 ദിവസമായി ഇദ്ദേഹം തുടർച്ചയായി സർവകലാശാലയിൽ എത്തിയിട്ടില്ല. സംഘപരിവാർ ആവശ്യപ്രകാരം അഞ്ച് ദിവസത്തേക്ക് അവധി അപേക്ഷ നൽകി, ഡോ. സിസ തോമസിന് കേരളയിൽ അവസരമൊരുക്കിയതും മോഹനനാണ്.
ചട്ടവിരുദ്ധമായി ജീവനക്കാരെ സസ്പെൻഡ് ചെയ്യൽ, സ്ഥാനമാറ്റം തുടങ്ങിയ നിരവധി നിയമവിരുദ്ധപ്രവർത്തനങ്ങളാണ് ഇരുവരും രണ്ടാഴ്ചകൊണ്ട് നടത്തിയത്. ഇതിനെതിരെയാണ് വിദ്യാർഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധം. ബിരുദാനന്തര ബിരുദ പ്രവേശന നടപടികളിലേക്ക് കടക്കാതെ മനപ്പൂർവ്വം ഫയലുകൾ വൈകിച്ച് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുകയാണ് വി സി.








0 comments