നയാപൈസ തരാത്ത 
കാരുണ്യവാൻ !

modi's visit to mundakkai
avatar
സി കെ ദിനേശ്‌

Published on Jul 29, 2025, 02:30 AM | 1 min read


തിരുവനന്തപുരം

ലോകം നടുക്കത്തോടെ കേട്ട വയനാട്‌ ദുരന്തവാർത്തയെ തുടർന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറന്നെത്തിയപ്പോൾ നാട്‌ ആശ്വസിച്ചു. കരകയറാൻ കഷ്ടപ്പെടുന്ന കേരളത്തിന്‌ ഒരു കൈ സഹായമുണ്ടാകുമെന്നു കരുതിയത്‌ പ്രതീക്ഷ മാത്രമായി. ആഗസ്ത് 30ന് ദുരന്തമുഖത്തെത്തിയ പ്രധാനമന്ത്രി ചൂരൽമലയിലും ബെയ്‌ലി പാലത്തും വെള്ളാർമല സ്കൂളിലും മേപ്പാടി ആശുപത്രിയിലും സന്ദർശനം നടത്തി. രണ്ടര വയസുകാരി നൈസയെ എടുത്ത്‌ മോദി നിൽക്കുന്ന ചിത്രം വൈറലായി. ‘എത്ര കാരുണ്യവാനായ പ്രധാനമന്ത്രി’ എന്നുവരെ കമന്റ്‌!


1979ൽ ഗുജറാത്തിലുണ്ടായ മഹാദുരന്തമാണ്‌ അന്ന്‌ വളന്റിയറായിരുന്ന തനിക്ക്‌ ഓർമ വന്നതെന്നായിരുന്നു ദുരന്തത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി പിറണായി വിജയൻ, മന്ത്രിമാർ, പ്രധാന ഉദ്യോഗസ്ഥർ എല്ലാവരുമായും പ്രധാനമന്ത്രി സംസാരിച്ചു. അപ്പോഴും കേരളം കേന്ദ്രസഹായം കിട്ടുമെന്നു കരുതി. ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീം (ഐഎംസിടി) വന്ന് ചൂരൽമലയിലെ നഷ്ടത്തിന്റെ പ്രാഥമികമായ കണക്കെടുത്തു. വിശദ മെമ്മോറാണ്ടം കേന്ദ്രത്തിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. അതും കൊടുത്തു. എന്നാൽ ഫലമുണ്ടായില്ല. കേന്ദ്രത്തിന്റെ ഓരോ മറുപടിയിലും കൃത്യമായി സൂചിപ്പിച്ചു– ‘അർഹതയൊക്കെയുണ്ട്‌ പക്ഷേ, തരില്ല’! ഈ നിഷേധാത്മക സമീപനം മൂലം മോദി ഓമനിച്ച നൈസയെപോലെ നൂറുകണക്കിന് കുട്ടികളും അവരുടെ കുടുംബങ്ങളുമാണ്‌ പ്രയാസപ്പെടുന്നത്‌.


ആഭ്യന്തര സഹമന്ത്രിയുടെ മറുപടിക്കത്തിൽ വായ്പ എഴുതിത്തള്ളില്ല, അടിയന്തര സഹായം പ്രഖ്യാപിക്കില്ല എന്നുമാത്രമല്ല, വിമാനങ്ങളും കേന്ദ്രസേനയുടെ സൗകര്യങ്ങളും അയച്ചില്ലേ? എന്നാണ്‌ ചോദിച്ചത്‌. കേരളത്തിന്‌ എന്തോ സൗജന്യം ചെയ്തില്ലേയെന്ന ഭാവം !


ഒരു വർഷമാകുമ്പോഴും ആവശ്യങ്ങൾ കേന്ദ്രം ചെവിക്കൊണ്ടിട്ടില്ല. ഹൈക്കോടതി അന്ത്യശാസനം നൽകിയപ്പോഴാണ്‌ ദേശീയദുരന്തമെന്നെങ്കിലും പറഞ്ഞത്‌. 298 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തോട്‌ സ്വീകരിച്ച കണ്ണിൽചോരയില്ലാത്ത സമീപനം നാട്‌ മറക്കില്ല. എന്നാൽ, എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ നിലവിളികൾക്ക്‌ മുന്നിൽ സംസ്ഥാന സർക്കാരും നാട്ടുകാരും കൈമെയ്‌ മറന്ന്‌ ഒറ്റക്കെട്ടായി പ്രതിരോധിച്ചു. പ്രശ്നങ്ങൾ പരിഹരിച്ച്‌ പുനരധിവാസം പൂർത്തിയാക്കുമെന്ന ഉറച്ച ആത്മവിശ്വാസമാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പകർന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home