പ്രിയങ്കയും തഴഞ്ഞെന്ന് എൻ എം വിജയന്റെ കുടുംബം; “എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എംഎൽഎ”

കൽപ്പറ്റ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആരോപണവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുൻ ട്രഷറര്‍ എൻ എം വിജയൻ്റെ കുടുംബം. കടബാധ്യതകളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് സഹായിക്കുമെന്നായിരുന്നു നേരത്തെ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ പ്രിയങ്ക ഗാന്ധിയുമായി സംസാരിക്കാനായി ശ്രമിച്ചിട്ടും സമയം നല്‍കിയില്ലെന്നും വിജയൻ്റെ കുടുംബം ആരോപിച്ചു.
“ദിവസവും വീട്ടിലേക്ക് കടക്കാർ എത്തുകയാണ്. പ്രിയങ്ക നേരത്തെ കണ്ടപ്പോൾ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കടബാധ്യയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാത്തതോടെയാണ് വീണ്ടും പരാതി പറയാൻ വന്നത്”- എന്നായിരുന്നു കുടുംബത്തിൻ്റെ പ്രതികരണം.
കടബാധ്യതയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നും കുടുംബം പറയുന്നു. തങ്ങളുടെ പ്രശ്നം ഇതുവരെ പരിഹരിച്ചില്ലെന്നും പ്രശ്നം പരിഹരിക്കാം എന്ന് മാത്രമാണ് പാര്‍ടി നേതൃത്വം പറയുന്നത്, കൃത്യമായ സമയം പറയുന്നില്ലെന്ന് അവര്‍ പരാതി പറഞ്ഞു.
എം എൻ വിജയനോട് പാർടി ചെയ്തത് കുടുംബത്തോടും ചെയ്യുന്നെന്ന് മരുമകൾ പത്മജ പറഞ്ഞു. ഐ സി ബാലകൃഷ്ണൻ എം എൽ എയാണ് കാരണം. എൻ ഡി അപ്പച്ചനും വഞ്ചിച്ചു. പാർടിക്ക് കളങ്കം വരരുതെന്ന് കരുതിയാണ് മിണ്ടാതിരുന്നത്. ഉടൻ വിഷയം പരിഹരിച്ചില്ലെങ്കിൽ തെളിവുകൾ പുറത്തുവിടുമെന്നും എം എൻ വിജയന്റെ കുടുംബം പറഞ്ഞു.









0 comments