പതിനാറുകാരനെ പീഡിപ്പിച്ച കേസ്: ഒരാൾ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 10 പേർ

കാസർകോട്: കാസർകോട് പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. പയ്യന്നൂർ സ്വദേശി ഗിരീഷ് ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് നേതാവും എഇഒയും ഉൾപ്പെടെ 14 പ്രതികളാണുള്ളത്. പോക്‌സോ വകുപ്പുകൾ പ്രകാരം രജിസ്‌റ്റർ ചെയ്‌ത കേസിൽ ഇതുവരെ അറസ്‌റ്റിലായ ഏഴ് പേരെ റിമാൻഡ് ചെയ്‌തിട്ടുണ്ട്.
കാസർകോട് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയാണ് പീഡനത്തിന് ഇരയായത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. 14 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്‌റ്റർ ചെയ്‌തത്. ബേക്കൽ എഇഒ പടന്നക്കാട്ടെ സൈനുദ്ദീൻ (52), ആർപിഎഫ് ജീവനക്കാരൻ എരവിലെ ചിത്രരാജ് (48), കൊടക്കാട് വെള്ളച്ചാലിലെ സുകേഷ് (30), വടക്കേ കൊവ്വലിലെ റയീസ് (40), കാരോളത്തെ അബ്ദുൾ റഹിമാൻ (55), ചന്തേരയിലെ അഫ്‌സൽ (23) എന്നിവരാണ് നേരത്തെ അറസ്‌റ്റിലായത്. പ്രതികളെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ചന്തേര സിഐ പി പ്രശാന്തിനാണ് നേതൃത്വത്തിൽ നാല് എസ്‌എ്ച്ച്‌ഒമാർക്കാണ് അന്വേഷണ ചുമതല.
യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജാ (46) ണ് ഒളിവിൽ പോയത്. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി. യൂത്ത് ലീഗിന്റെ തൃക്കരിപ്പൂർ പഞ്ചായത്ത് ഭാരവാഹിയാണിയാൾ. വീട്ടിൽ പൊലീസ് അന്വേഷിച്ചെത്തുന്നതിന് മുന്പ് ഇയാൾ മുങ്ങുകയായിരുന്നു. ഇയാളുടെ രണ്ട് മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്.
ഗ്രെയിന്റർ എന്ന ഡേറ്റിങ് ആപ് വഴിയാണ് പ്രതികൾ കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. 18 വയസ് പൂർത്തിയായതായി വ്യാജമായി രേഖപ്പെടുത്തിയാണ് കുട്ടി ഡേറ്റിങ് ആപിൽ പ്രവേശിച്ചത്. രണ്ടുവര്‍ഷമായി പ്രതികളിൽനിന്ന് പീഡനമേൽക്കേണ്ടിവന്നുവെന്നാണ് കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തിയത്. ഗൂഗിൾപേയിലൂടെ പണമിടപാട് നടത്തിയതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് മകനൊപ്പം ഒരാളെ മാതാവ് കണ്ടിരുന്നു. ആരാണെന്ന് തിരക്കിയതോടെ ഇയാൾ ഇറങ്ങിയോടി. തുടർന്ന് വീട്ടുകാർ ചന്തേര പൊലീസിൽ പരാതി നൽകി. പിന്നാലെ ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടിയിൽനിന്നും വിവരം ശേഖരിച്ചതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മറ്റിടങ്ങളിലെത്തിച്ചും വീട്ടിൽ നിന്നും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്.









0 comments