സര്‍വകലാശാല വിസി നിയമനം ; തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് മന്ത്രിമാര്‍

തിരുവനന്തപുരം
സർവകലാശാലകളിലെ സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരുമായി കൂടിയാലോചന വേണമെന്ന ആവശ്യം ഗവർണറുമായി ചർച്ചചെയ്ത് മന്ത്രിമാർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ ആർ ബിന്ദു, പി രാജീവ് എന്നിവരാണ് ഞായറാഴ്ച രാജ്ഭവനിൽ എത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറെ കണ്ടത്.
എത്രയുംവേഗം സ്ഥിരം വിസി നിയമനത്തിന് നടപടികള്‍ ആരംഭിക്കണമെന്നും അതുവരെ ചാന്‍സലര്‍ക്ക് പുതിയ താല്‍ക്കാലിക വിസിമാരെ നിയമിക്കുകയോ നിലവിലുള്ളവരെ തുടരാന്‍ അനുവദിക്കുകയോ ചെയ്യാമെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു. ഇതുപ്രകാരം സുപ്രീംകോടതി വിധിയനുസരിച്ച് നിയമനം നടത്തണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധിക്ക് വിപരീതമായി സാങ്കേതിക സർവകലാശാലയിൽ ഡോ. കെ ശിവപ്രസാദിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സിസ തോമസിനെ വീണ്ടും നിയമിച്ചതിൽ സർക്കാരിനുള്ള അതൃപ്തി അറിയിച്ചു. രാവിലെ 8.30ന് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടു. വിഷയത്തിൽ തുടർചർച്ചകൾ ഉണ്ടാകുമെന്ന് മന്ത്രി ആർ ബിന്ദുവും ചർച്ചകൾ പോസിറ്റീവാണെന്ന് മന്ത്രി പി രാജീവും പറഞ്ഞു. സുപ്രീംകോടതി ഉത്തരവിന്റെ അന്തസത്ത ഉൾക്കൊണ്ട് കാര്യങ്ങൾ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.









0 comments